kerala-bank

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട 21 കേസുകളും ഹൈക്കോടതി ഇന്നലെ തീർപ്പാക്കിയോടെ, മലപ്പുറം ഒഴികെ സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് നിലവിൽ വന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രി പുറത്തിറങ്ങിയതോടെ, ജില്ലാ ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റിവ് ഭരണം അവസാനിച്ചു . ഇടക്കാല ഭരണസമിതിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

കേരള ബാങ്ക് രൂപീകരിക്കുന്നതിന് കഴിഞ്ഞ ഒക്ടോബർ ഏഴിന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. കേരള സഹകരണ നിയമത്തിലെ 14എ ഭേദഗതി സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ അന്തിമ തീർപ്പിന് വിധേയമായാണിത്.. ഈ കേസുകളിലാണ് തീർപ്പുണ്ടായത്..സഹകരണ സെക്രട്ടറി മിനി ആന്റണി, ധനവിഭവ സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടർ റാണി ജോർജ് എന്നിവരുൾപ്പെട്ട ഇടക്കാല ഭരണസമിതിക്കാണ് ചുമതല. സമിതിയുടെ കാലാവധി ഒരു വർഷമാണ്. അതിനുള്ളിൽ ജനാധിപത്യ രീതിയിലുള്ള ഭരണസമിതി നിലവിൽ വരും.. .

കേരള ബാങ്ക് സി.ഇ.ഒ ആയി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ പി.എസ് രാജനെ നിയമിച്ചിട്ടുണ്ട്. ലയനശേഷമുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ ആദ്യ ജനറൽ ബോഡി ഡിസംബറിൽ ചേരും..ബൈലോ ഭേദഗതികളായിരിക്കും പ്രധാന അജണ്ട. കേരള ബാങ്ക് യാഥാർത്ഥ്യമായതിലുള്ള ആഹ്ളാദസൂചകമായി ഡിസംബർ ആറിന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സഹകാരി- ബഹുജന കൂട്ടായ്മയിൽ മുഖ്യമന്ത്രി പങ്കെടുക്കും..

കേരള ബാങ്ക് തുടർ നടപടികൾ

# പുതിയ ലോഗോ, കളർ സ്‌കീം എന്നിവ പുറത്തിറക്കും

# ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, പ്രൊമോഷൻ, സ്ഥലംമാറ്റം - നയം രൂപീകരിക്കും.

# പുതിയ ബാങ്കിംഗ് നയം പ്രഖ്യാപിക്കും., ഉദ്യോഗസ്ഥ ഘടന രൂപീകരിക്കും.

# ജീവനക്കാരുടെ ലയനം 2020 മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കും

# താൽക്കാലിക ജീവനക്കാരുടെ കാര്യത്തിൽ ഉടൻ തീരുമാനം.

# 2020 സെപ്തംബറോടെ കോർ ബാങ്കിംഗ് ഏകീകരണം പൂർത്തിയാക്കും.

# പ്രാഥമിക കാർഷിക വായ്പാസംഘങ്ങളെ ഈ ശൃംഖലയുമായി കൂട്ടിയിണക്കും.