police

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസ് ബോംബ് സ്‌ക്വാഡ് എസ്.ഐയ്‌ക്കെതിരെ പോക്‌സോ ആക്ട് പ്രകാരം കേസെടുത്തു. തിരുവനന്തപുരം എസ്.ബി.സി.ഐ.ഡി ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിൽ എസ്.ഐയായ സജീവ് കുമാറിനെതിരെയാണ് (50) കേസ്. ഇയാൾ ഒളിവിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം. പ്ലസ് വൺ വിദ്യാർത്ഥിനി റസിഡന്റ്‌സ് അസോസിയേഷന്റെ മീറ്റിംഗ് സമയം അറിയാനായി സജീവ് കുമാറിന്റെ ക്വാർട്ടേഴ്‌സിലെത്തിയിരുന്നു. ഈ സമയം സജീവ് കുമാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ അകത്തേക്ക് വിളിച്ച ഇയാൾ കുട്ടിയെ ചുംബിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ കുട്ടി കുതറി പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും വിടാൻ കൂട്ടാക്കിയില്ല. സംഭവം മറ്റാരും അറിയരുതെന്ന് പറഞ്ഞ എസ്.ഐ താൻ ബഹളം വച്ചപ്പോഴാണ് വിട്ടയച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ജോലി കഴിഞ്ഞെത്തിയ അമ്മയോടും സ്കൂളിലും കുട്ടി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും വിവരം അറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്. പേരൂർക്കട സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. ഇന്നലെ മജിസ്ട്രേറ്രിന് മുന്നിൽ ഹാജരാക്കിയ കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.
തനിക്കെതിരെ കേസെടുത്ത വിവരം സഹപ്രവർത്തകരിൽ നിന്ന് മനസിലാക്കിയ പോത്തൻകോട് സ്വദേശിയായ എസ്.ഐ ഇന്നലെ മുതൽ ഒളിവിലാണ്.