സെയ്ദ് മുഷ്‌താഖ് അലി ട്രോഫിയിലും
ഹാട്രിക് നേടി കർണാടക പേസർ
അഭിമന്യു മിഥുൻ
സൂറത്ത് : ഹരിയാനയ്ക്കെതിരായ സെയ്ദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഹാട്രിക് അടക്കം ഒരോവറിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി കർണാടക പേസർ അഭിമന്യു മിഥുൻ.
ഇതോടെ ആഭ്യന്തര ക്രിക്കറ്റിലെ മൂന്ന് ടൂർണമെന്റുകളിലും (രഞ്ജിട്രോഫി, വിജയ് ഹസാരെ ട്രോഫി, മുഷ്‌താഖ് അലി ട്രോഫി ) ഹാട്രിക് നേടുന്ന ഏക ബൗളറായി അഭിമന്യു.
ഹരിയാന ഇന്നിംഗ്സിന്റെ അവസാന ഒാവറിലാണ് അഭിമന്യു അഞ്ച് വിക്കറ്റുകൾ പിഴുതെറിഞ്ഞത്. ഇൗ ഒാവറിലെ ആദ്യ നാല് പന്തുകളും വിക്കറ്റായിരുന്നു. മത്സരത്തിൽ 39 റൺസ് വഴങ്ങി അഭിമന്യു മിഥുൻ അഞ്ചുവിക്കറ്റ് വീഴ്ത്തി.
ഹരിയാന 194/8 എന്ന സ്കോർ ഉയർത്തിയപ്പോൾ മലയാളിതാരം ദേവ്ദത്ത് പടിക്കൽ (87), കെ.എൽ. രാഹുൽ (66), മായാങ്ക് അഗർവാൾ (30 നോട്ടൗട്ട്) എന്നിവരുടെ മികവിൽ കർണാടക 15 ഒാവറിൽ വിജയം കണ്ടു.
കർണാടക പ്രിമിയർ ലീഗിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെയാണ് അഭിമന്യു മിഥുൻ ഹാട്രിക് നേടിയത്.
1. ആദ്യപന്തിൽ ഹിമാംശു മായാങ്കിന് ക്യാച്ച് നൽകി.
2. രണ്ടാംപന്തിൽ രാഹുൽ തേവാതിയ ക്യാച്ച് നൽകി
3. മൂന്നാംപന്തിൽ സുമിത് കുമാറിന്റെ ക്യാച്ചിൽ ഹാട്രിക്
4. അമിത് മിശ്ര നാലാംപന്തിൽ ക്യാച്ച് നൽകി.
5. അവസാന പന്തിൽ ജയന്ത് യാദവ് കീപ്പർ ക്യാച്ച് നൽകി.
ആദ്യ മൂന്നോവറുകളിൽ 37 റൺസ് നൽകിയിരുന്ന മിഥുൻ വിക്കറ്റ് നേടിയിരുന്നില്ല. അവസാന ഒാവറിൽ വിട്ടുകൊടുത്തത് രണ്ട് റൺസ് നേടിയത് അഞ്ചുവിക്കറ്റ്.
2009 ൽ രഞ്ജി ട്രോഫിയിൽ ഹാട്രിക്
2019 ഒക്ടോബറിൽ വിജയ് ഹസാരേ ട്രോഫി ഏകദിന സെമിയിൽ
തമിഴ് നാടിനെതിരെ ഹാട്രിക്
2019 നവംബറിൽ ട്വന്റി 20 യിലും ഹാട്രിക്.