തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ വീണ്ടും എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. ഇരുകൂട്ടരും ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോളേജ് പരിസരം കലാപഭൂമിയായി. കല്ലേറിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന് ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ഇരുവിഭാഗം വിദ്യാർത്ഥികളും ചേരിതിരിഞ്ഞ് പരസ്പരം കല്ലേറ് നടത്തിയതോടെ കോളേജും മുന്നിലെ എം.ജി. റോഡും യുദ്ധസമാന സ്ഥിതിയിലായി. സംഭവമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്ര് കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.അക്രമികളായ എസ്.എഫ്. ഐക്കാരെ അറസ്റ്റ് ചെയ്യാതെ മടങ്ങില്ലെന്ന് അദ്ദേഹം നിലപാടെടുത്തതോടെ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് പരസ്പരം പോർ വിളികളുമായി വിദ്യാർത്ഥികൾ അവരെ അനുനയിപ്പിക്കാൻ പൊലീസ് നടത്തിയ ശ്രമം വിജയിച്ചില്ല... ഒടുവിൽ ബലപ്രയോഗത്തിലൂടെ നാൽപതോളം എസ്. എഫ്. ഐക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് ഇന്നലെ വൈകിട്ട് രണ്ട് മണിക്കൂറിലേറെ നീണ്ട സംഘർഷത്തിന് അയവുണ്ടായത്. ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കെ.എസ്. യു. പ്രവർത്തകരെ എസ്. എഫ്. ഐ. പ്രവർത്തകർ മർദ്ദിച്ചതായി ആരോപണമുയർന്നിരുന്നു.. മർദ്ദനത്തിൽ പ്രതിഷേധിച്ച വ്യാഴാഴ്ച കോളേജിൽ കെ.എസ്. യു. പഠിപ്പുമുടക്കി.ഇതുമായി ബന്ധപ്പെട്ട് എസ് എഫ്. ഐ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് കെ.എസ്. യു. വിദ്യാർത്ഥികളെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. ഇതേ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ ഇന്നലെ ഒരു കെ.എസ്. യു. പ്രവർത്തകനെ കോളേജിനകത്ത് വച്ച് എസ്. എഫ്. ഐ. ക്കാർ മർദ്ദിച്ചു. സസ്പെൻഷനെ കുറിച്ച് പ്രിൻസിപ്പലിനെ കണ്ട് സംസാരിക്കാനാണ് കെ.എസ്. യു. സംസ്ഥാന പ്രസിഡന്റ് കെ..എം..അഭിജിത് ഉൾപ്പെടെയുള്ളവർ ഇന്നലെ കോളേജിലെത്തിയത്. ഇവരെ തടഞ്ഞ എസ്. എഫ്. ഐ പ്രവർത്തകർ കല്ലെറിഞ്ഞതോടെയാണ് വൈകിട്ടോടെ ശക്തമായ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ മാറിയത്. കെ.എസ്. യു. പ്രവർത്തകനെ ഹോസ്റ്റൽ മുറിയിൽ മർദ്ദിക്കുന്നുവെന്ന തരത്തിലുള്ള വീഡിയോ പുറത്തുവന്നതും സസ്പെൻഷനിലായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ കോളേജിൽ വച്ച് കത്തിച്ചുവെന്ന വാർത്തയും ഇന്നലെ രാവിലെ മുതൽ കോളേജ് പരിസരം സംഘർഷത്തിലാക്കിയിരുന്നു.