ലണ്ടൻ : തുടർച്ചയായ ഏഴാം മത്സരത്തിലും വിജയം കണ്ടെത്താനാകാതെ വന്നതോടെ ഇംഗ്ളീഷ ക്ളബ് ആഴ്സനലിന്റെ പരിശീലക സ്ഥാനത്തുനിന്ന് സ്‌പെയ്ൻകാരൻ ഉനായ് എംറേ തെറിച്ചു. കഴിഞ്ഞരാത്രി യൂറോപ്പ ലീഗിൽ എയ്‌ൻട്രിഞ്ച് ഫ്രാങ്ക് ഫർട്ടിനോട് 1-2ന് തോറ്റതിന് പിന്നാലെയാണ് നടപടി. ഫെഡ്രീ ല്യുംഗ്ബർഗിനെ താത്കാലിക പരിശീലകനായി നിയമിച്ചതായി ക്ളബ് അധികൃതർ അറിയിച്ചു.
രണ്ടുപതിറ്റാണ്ടിലേറെ ആഴ്സനൽ കോച്ചായിരുന്ന ആർസീൻ വെംഗറുടെ പകരക്കാരനായി 18 മാസം മുമ്പാണ് എംറേയ് എത്തിയത്. ഇൗ സീസണിലെ 13 പ്രിമിയർ ലീഗ് മത്സരങ്ങളിൽ നാല് വിജയം മാത്രമാണ് ക്ളബിന് നേടിക്കൊടുക്കാനായത്. ഇതോടെയാണ് കസേര തെറിച്ചത്.
ഇൗസ്റ്റ് ബംഗാളിനോട് കളിക്കാൻ
മാഞ്ചസ്റ്റർ യുണൈറ്റഡ് വരുന്നു
കൊൽക്കത്ത : 100-ാം വാർഷികം ആഘോഷിക്കുന്ന കൊൽക്കത്താ ക്ളബ് ഇൗസ്റ്റ് ബംഗാളിനോട് സൗഹൃദ മത്സരം കളിക്കാൻ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുന്നു. അടുത്തവർഷം ജൂലായ് -ആഗസ്റ്റ് മാസങ്ങളിലാകും മത്സരം. ഇതിന് മുന്നോടിയായി ഗ്രൗണ്ടും സ്റ്റേഡിയവും കാണാൻ ഇംഗ്ളീഷ് ക്ളബ് അധികൃതർ ഇന്നലെ കൊൽക്കത്തയിലെത്തിയിരുന്നു.
ഫബീഞ്ഞോയ്ക്ക് പരിക്ക്
ലണ്ടൻ : കഴിഞ്ഞദിവസം നാപ്പോളിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കാൽക്കുഴയ്ക്ക് പരിക്കേറ്റ ലിവർ പൂൾ താരം ഫാബീഞ്ഞോയ്ക്ക് പുതുവർഷം വരെ വിശ്രമം വേണ്ടിവരും. ഇൗ സീസണിൽ മികച്ചപ്രകടനം കാഴ്ചവച്ചിരുന്ന ബ്രസീലിയൻ താരം നാപ്പോളിക്കെതിരായ മത്സരത്തിന്റെ 18-ാം മിനിട്ടിലാണ് പരിക്കേറ്റ് പിൻമാറിയത്.
സൗരവ് സെമിയിൽ
ലക്‌നൗ : ഇന്ത്യൻ യുവ താരങ്ങളായ സൗരവ് വെർമ്മയും ഋതുപർണദാസും സെയ്ദ മോഡി ഇന്റർനാഷണൽ ബാഡ്മിന്റണിന്റെ സെമിഫൈനലിലെത്തിയപ്പോൾ സീനിയർ താരം കെ. ശ്രീകാന്ത് ക്വാർട്ടറിൽ പുറത്തായി. സൗരവ് 21-19, 21-16 ന് ക്വാർട്ടറിൽ തായ്‌ലൻഡിന്റെ കുൻലാവുനിനെയാണ് കീഴടക്കിയത്.