തിരുവനന്തപുരം : മൂന്നര മണിക്കൂർ നീണ്ട കൗൺസിൽ യോഗത്തിൽ മാരത്തൺ ചർച്ചകൾ നടന്നെങ്കിലും മലിനീകരണ സംസ്കരണ പ്ലാന്റിന് സ്ഥലം കണ്ടെത്തുന്ന ജനകീയവിഷയം ചർച്ച ചെയ്തില്ല. ഇന്നലെ ഉച്ചയ്ക്ക് 2.30ന് ചേർന്ന യോഗം 6നാണ് അവസാനിച്ചത്. സസ്പെൻഡ് ചെയ്ത ഹെൽത്ത് ഓഫീസറെ തിരിച്ചെടുക്കുന്ന വിഷയം മണിക്കൂറുകളോളം ചർച്ചചെയ്തെങ്കിലും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അജൻഡയിലെ ഒന്നാമത്തെ ഇനമായ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുന്ന കാര്യം ആരും കേട്ടഭാവം നടിച്ചില്ല. വിഷയം ചർച്ച കൂടാതെ പാസാകുകയും ചെയ്തു. വരും ദിവസങ്ങളിൽ സ്ഥലം കണ്ടെത്തുന്നത് സംബന്ധിച്ച നടപടികൾ തുടങ്ങും. ഉദ്യോഗസ്ഥർ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികൾ തുടങ്ങും. ഗ്രീൻ ട്രൈബ്യൂണലിലും ഇതുസംബന്ധിച്ച കേസ് നിലവിലുണ്ട്. അടുത്ത സിറ്റിംഗിന് ഹാജരാകുന്ന നഗരസഭാ ഉദ്യോഗസ്ഥർ പ്ലാന്റ് സ്ഥാപിക്കുന്നതിന് കൗൺസിൽ ഒറ്റക്കെട്ടായി അനുമതി നൽകിയ വിവരം അറിയിക്കും. ഇതോടെ നടപടികൾക്ക് വേഗം കൂടും. കേന്ദ്രീകൃത പ്ലാന്റ് ഇല്ലാത്തതിനാണ് മലിനീകരണ നിയന്ത്രണ ബോർഡ് അടുത്തിടെ 15കോടിയോളം രൂപ പിഴചുമത്തുന്നതിന് മുന്നോടിയായുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസിനെ ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ പലവട്ടം വിഴുപ്പലക്കി. എന്നാൽ അടിസ്ഥാന വിഷയം ആരും ചർച്ചചെയ്തില്ലെന്നതാണ് ശ്രദ്ധേയം. വിളപ്പിൽ ശാല പൂട്ടിയതിന് പിന്നാലെ പുതിയൊരു പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ജനകീയ പ്രതിഷേധത്താലാണ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നത്. അതോടെയാണ് ഉറവിട മാലിന്യസംസ്കരണത്തിലേക്ക് തിരിഞ്ഞത്. ഇത്തരമൊരു സാഹചര്യത്തിൽ ജനവികാരം കൗൺസിലർമാർ യോഗത്തിൽ ഉന്നയിക്കാത്തത് വരും ദിവസങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കും.