മലയിൻകീഴ്: പേയാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. വായ്പ പ്രതീക്ഷിച്ച് തുക നൽകിയവർ ഇന്നലെ സ്ഥാപനത്തിലെത്തി പ്രതിഷേധിച്ചു. തട്ടിപ്പിനിരയായവർ നൽകിയ പരാതിയെ തുടർന്ന് ‘നന്ദനം ഗ്രൂപ്പ്’ സ്ഥാപന ഉടമ വെള്ളനാട് സ്വദേശിനി മിനിമോളെ (35) വിളപ്പിൽശാല പൊലീസ് പിടികൂടി. ചെറിയ തുക ആവശ്യപ്പെട്ടവർക്ക് വായ്പ നൽകി ജനങ്ങളെ വിശ്വാസത്തിലെടുത്തിരുന്നു. എന്നാൽ ചുരുക്കം ചിലർക്ക് മറ്റൊരു സ്ഥാപനത്തിന്റെ പേരിലുള്ള രസീതാണ് നൽകിയിട്ടുള്ളതെന്ന് വിളപ്പിൽശാല എസ്.ഐ ഷിബു അറിയിച്ചു. മിനിമോൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിയെ ഇന്ന് കോടതയിൽ ഹാജരാക്കും. ഈ ധനകാര്യ സ്ഥാപനത്തിന് നിയമാനുസൃതമായ യാതൊരു അംഗീകാരവുമില്ലെന്ന് വിളപ്പിൽശാല സി.ഐ സജിമോൻ പറഞ്ഞു.
കബളിപ്പ് ഇങ്ങനെ
കരം തീർത്ത രസീത് പകർപ്പ്, ചെക്ക് ലീഫ്, ആധാർ കോപ്പി എന്നിവ നൽകിയാൽ കുറഞ്ഞ പലിശയിൽ 25,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ വായ്പയായി നൽകാമെന്നായിരുന്നു വാഗ്ദാനം. സ്ഥാപനത്തിലെ ജീവനക്കാർ ഇത്തരത്തിലായിരുന്നു പ്രചരിപ്പിച്ചിരുന്നത്. വായ്പ ആവശ്യപ്പെട്ട് എത്തിയവരിൽ നിന്ന് രേഖകളോടൊപ്പം 10000 രൂപ മുതൽ 40000 രൂപ വരെ വാങ്ങിയിരുന്നു. തുക വാങ്ങിയതിന്റെ രേഖകളൊന്നും പലർക്കും നൽകിയിട്ടില്ല. വായ്പ നൽകാമെന്ന് അറിയിച്ചിരുന്ന തീയതി കഴിഞ്ഞിട്ടും ആർക്കും വായ്പ നൽകിയിരുന്നില്ല. ഇത്തരത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മുന്നൂറോളം പേർ മുൻകൂർ തുക അടച്ചതായാണ് വിവരം. വായ്പ ലഭിക്കാതായതോടെ അടച്ച രൂപയും രേഖകളും തിരിച്ച് ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകിയിരുന്നില്ല. മാസങ്ങളായി തുക അടച്ച് കാത്തിരിക്കുന്നവരും നിരവധിയുണ്ട്. പരാതിയുമായി എത്തിയവരോട് ഉടൻ വായ്പ ലഭിക്കുമെന്ന് പറഞ്ഞ് ഇവർ വിശ്വസിപ്പിച്ചിരുന്നു.