തിരുവനന്തപുരം: കുന്നുകുഴിയിൽ എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വരമ്പശേരി ലെയ്‌നിലെ അശ്വതി എന്ന വീട്ടിൽ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. രണ്ട് നിലയുള്ള വീടിന്റെ താഴത്തെ നിലയിലെ മുറിക്കാണ് തീപിടിച്ചത്. മുറിയിലെ ജനൽ കർട്ടനുകളും ജനൽ പാളികളും കത്തിനശിച്ചു. അപകട സമയത്ത് റൂമിലുണ്ടായിരുന്ന ഓമന, തങ്കമണി എന്നീ സ്ത്രീകൾ എ.സി പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട് ഇറങ്ങി ഓടുകയായിരുന്നു. ആർക്കും പരിക്കില്ല. ചെങ്കൽച്ചൂളയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 50000രൂപയോളം നഷ്ടമുണ്ടായതായി ഫയർഫോഴ്‌സ് ഉദ്യാഗസ്ഥർ പറഞ്ഞു.