വെമ്പായം: പ്ലാസ്റ്റിക്കിനെതിരെ 'യുദ്ധം' പ്രഖ്യാപിച്ച വട്ടപ്പാറ ലൂർദ് മൗണ്ട് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്ക് മേയറുടെ അനുമോദനം. നഗരസഭയിലെ തന്റെ ചേമ്പറിലേക്ക് വിളിച്ചു വരുത്തിയാണ് മേയർ കെ. ശ്രീകുമാർ വിദ്യാർത്ഥികളെ അനുമോദിച്ചത്. വിദ്യാർത്ഥികൾ നിർമ്മിച്ച പേപ്പർ ബാഗുകളും നെഹ്റു തൊപ്പികളും ഡിസംബർ 19, 20 തീയതികളിൽ ഗുജറാത്തിൽ നടക്കുന്ന ദേശീയ തല എക്കോ ക്ലബ് എക്‌സിബിഷനിലേക്ക് തിരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ലൂർദ്ദ് മൗണ്ട് സ്കൂൾ എക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ നടന്ന പ്രദർശനത്തിൽ ആകൃഷ്ടനായാണ് മേയർ സ്കൂൾ എക്കോ ക്ലബ് അംഗങ്ങളെ തന്റെ ചേമ്പറിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് അദ്ധ്യാപികയായ ശോഭ ടീച്ചർക്കൊപ്പം വിദ്യാർത്ഥികളായ അനഹ ഫാത്തിമ, അർച്ചന എസ്. നായർ, അനഘ.എ.എൽ എന്നിവരും മേയറുടെ ചേമ്പറിൽ എത്തി. ഇക്കോ ക്ലബ് അംഗങ്ങൾ പ്ലാസ്റ്റിക്കുകൾ എങ്ങനെ ഒഴിവാക്കാം, കുട്ടികൾക്ക് ഉപയോഗ ശൂന്യമായ പേപ്പർ എങ്ങനെ പേപ്പർ ബാഗുകളാക്കി പുനരുത്പാദനം ചെയ്യാമെന്നുമുള്ള കാര്യങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകൾ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ചു. താത്പര്യപൂർവം സ്വീകരിച്ച മേയർ സ്കൂളിലോ വെമ്പായം ഗ്രാമപഞ്ചായത്തിലോ ഇത് സംബന്ധിച്ച് ഒരു പ്രദർശനം സംഘടിപ്പിക്കണമെന്നു വിദ്യാർത്ഥികൾക്ക് ഉറപ്പും നൽകി.