നെയ്യാറ്റിൻകര: വരുമാനക്കൊതി സ്വപ്നം കണ്ട് നെയ്യാറ്റിൻകര നഗരസഭ ആരംഭിച്ച മിനി ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പാതിവഴിയിൽ.
കഴിഞ്ഞ മുനിസിപ്പൽ ഭരണകാലത്ത് അക്ഷയ ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം നിർമ്മാണം തുടങ്ങിയ കരിയിൽ കൃഷ്ണപിള്ള സ്മാരക മിനി ഷോപ്പിംഗ് കോംപ്ലക്‌സിനാണ് ഈ ദുർവിധി. നഗര മദ്ധ്യത്തിലുള്ള അക്ഷയ ഷോപ്പിംഗ് കോംപ്ലക്‌സിൽ പാർക്കിംഗ് സൗകര്യമില്ലെന്ന പരാതിക്കിടെയാണ് കൂടുതൽ വരുമാനം പ്രതീക്ഷിച്ച് കഴിഞ്ഞ ഭരണസമിതി മിനി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിർമ്മാണം തുടങ്ങിയത്.
38 കടകളുള്ള മൂന്നു നില കെട്ടിടത്തിന് 3 കോടി 75 ലക്ഷം രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിച്ച് നാലര വർഷം മുൻപാണ് ടെൻഡർ ക്ഷണിച്ചത്. എന്നാൽ നിർമ്മാണ സാമഗ്രികളുടെയും കൂലിച്ചെലവും കൂടിയായതോടെ റീ ടെൻഡർ ചെയ്‌താലേ ബാക്കി നിർമ്മാണം പൂർത്തിയാക്കാൻ കഴിയൂ എന്നാണ് നഗരസഭാ അധികൃതർ ഇപ്പോൾ പറയുന്നത്. നിർമ്മാണത്തിന് ഇനിയും അഞ്ചു കോടിയെങ്കിലും വേണ്ടി വരുമത്രേ. ടെക്‌നിക്കൽ അനുമതി വാങ്ങിയില്ലെന്ന കാരണം പറഞ്ഞ് പൂർത്തിയായ പ്രവൃത്തികളുടെ രണ്ട് കോടി രൂപ കരാറുകാരന് ഡി.പി.സി നൽകിയിട്ടുമില്ല. ഇതാണ് നിർമ്മാണം മുടങ്ങാൻ കാരണമെന്ന് വ്യാപാരികളും പറയുന്നു. ഭരണാനുമതി ലഭിക്കാതെ നിർമ്മാണം തുടങ്ങിയതാണത്രേ പ്രശ്ന കാരണം. എങ്കിലും നഗരസഭ തനത് ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഷോപ്പിംഗ് കോംപ്ലക്സിനായി വകയിരുത്തിയിട്ടുണ്ട്. പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സിൽ വ്യാപാരം കുറയുമെന്നും വ്യാപാരികൾ പറഞ്ഞു. പാർക്കിംഗ് സൗകര്യമുള്ള പ്ലാൻ നൽകിയിട്ടും ഇടുങ്ങിയ സ്ഥലത്ത് തെറ്റായ രീതിയിൽ നിർമ്മാണം തുടങ്ങിയത് കൊണ്ടാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കാത്തതെന്നും ആക്ഷേപമുണ്ട്. പുതിയ കെട്ടിടത്തിന് സമീപത്തെ ഇടുങ്ങിയ സ്ഥലം സമാന്തര സർവീസുകൾക്ക് വാടകയ്‌ക്ക് നൽകിയത് ക്രമവിരുദ്ധമാണെന്നും ആരോപണമുണ്ട്. നിർമ്മാണം പൂർത്തിയായാൽ ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാകുമെന്നാണ് നാട്ടുകാരുടെ പരാതി.