v

കടയ്ക്കാവൂർ: കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും കീഴിൽ പ്രവർത്തിക്കുന്ന കീഴാറ്റിങ്ങൽ കേന്ദ്രം മുക്കിലുള്ള ബേബി ക്രഷിന് പറയാനുള്ളത് ദുരിതങ്ങളുടെ കഥ. സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിലും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട ഗതികേടിലാണ് ബേബി ക്രഷ്.

റോഡ് സൈഡിൽ 11 സെന്റ് സ്ഥലവും പഴയ ഒരു കെട്ടിടവുമാണുള്ളത്. ഈ കെട്ടിടം ജീർണിച്ചു ഏത് സമയവും നിലം പൊത്തുമെന്ന അവസ്ഥയായതോടെയാണ് ക്രഷിന്റെ പ്രവർത്തനം തൊട്ടടുത്തുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. ബേബി ക്രഷിന്റെ പ്രവർത്തനം നല്ല നിലയിൽ നടക്കുന്നതിനാൽ സ്ഥലവാസികൾക്ക് അവരുടെ കുഞ്ഞുങ്ങളെ ഈ സ്ഥാപനത്തിലാക്കുന്നതിനു വളരെ താല്പര്യമാണ്. കേന്ദ്ര സാമൂഹ്യ വകുപ്പ് ഏറ്റെടുത്തത് മുതൽ ടീച്ചറിന്റെയും ആയയുടെയും ശമ്പളം കുരുന്നുകളുടെ ആഹാരം തുടങ്ങിയുള്ള ചെലവുകളുടെ അറുപതു ശതമാനം കേന്ദ്രസർക്കാരും മുപ്പതുശതമാനം സംസ്ഥാനസർക്കാരും പത്തുശതമാനം കുട്ടികളുടെ രക്ഷാകർത്താക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും കണ്ടെത്തണമെന്നാണ് നിയമം.എന്നാൽ 2016മുതൽ രണ്ടു ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. എന്നാൽ 2019 മാർച്ച്‌ വരെയുള്ള കേന്ദ്ര ഗവൺമെന്റ് വിഹിതം കൊടുത്തതായിട്ടാണ് രേഖകളിൽ കാണുന്നതെന്ന് ജീവനക്കാർ പറയുന്നു. എന്നാൽ ഒരു രൂപ പോലും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്ന് ഇവർ പറഞ്ഞു. ശമ്പളം ലഭിക്കുന്നില്ലെന്ന് മാത്രമല്ല കുട്ടികൾക്ക് ആഹാരം കൊടുക്കുന്നതിനും മറ്റ് ചെലവുകൾക്കും ജീവനക്കാർ കൈയിൽനിന്നിട്ടും കടം വാങ്ങിയുമാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. ഐ.സി.ഡി.എസ് പരിശോധന പലപ്രാവശ്യം ഈ സ്ഥാപനത്തിൽ നടന്നിട്ടുണ്ട്. എന്നാൽ ഐ.സി.ഡി.എസ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു. അനുയോജ്യമായ കെട്ടിടം നിർമ്മിച്ചും പ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ട്‌ അനുവദിച്ചും ബേബി ക്രഷ് നിലനിറുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ ഉണ്ടാകണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.