വിതുര: ഒരിടവേളയ്ക്ക് ശേഷം മലയോരമേഖലയിൽ വീണ്ടും വ്യാജവാറ്റ് സംഘങ്ങൾ സജീവമായി. പൊൻമുടി, ബോണക്കാട്, മലയടിവാരത്താണ് വ്യാജവാറ്റ് വിപണി ഉഷാറായത്. പൊലീസിന്റെയും, എക്സൈസിന്റെയും പരിശോധനകൾ മുറയ്ക്ക് നടക്കാറുണ്ടെങ്കിലും പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലൂടെ വ്യാജചാരായം ഒഴുകുകയാണ്. രണ്ട് വർഷം മുൻപ് മലയോരമേഖലയിൽ എക്സൈസും, പൊലീസും കൂട്ടായി നടത്തിയ പരിശ്രമത്തെ തുടർന്ന് വ്യാജവാറ്റ് സംഘത്തിന്റെ നടുവൊടിച്ചിരുന്നു. എന്നാൽ ക്രമേണ ഇത്തരം സംഘങ്ങൾ തലപൊക്കുകയായിരുന്നു. നേരത്തേ വനാന്തരങ്ങളിൽ തമ്പടിച്ച് മരങ്ങൾ മുറിച്ച് തീയിട്ട് വരെ വ്യാജവാറ്റ് നടത്തിയിരുന്നു. അന്ന് വ്യാജവാറ്റ് സംഘം മൃഗവേട്ട സംഘവുമായി കൈകോർത്താണ് പ്രവർത്തിച്ചിരുന്നത്. വനംവകുപ്പിന്റെ ശക്തമായ റെയ്ഡിനെ തുടർന്ന് ഇത്തരം സംഘങ്ങളെ വേരോടെ പിഴുതെറിഞ്ഞിരുന്നു. എന്നാൽ പൊലീസ് സംഘം തന്നെ മൃഗവേട്ടക്ക് നേതൃത്വം നൽകിയതോടെ ഇത്തരം സംഘങ്ങൾ വീണ്ടും തല ഉയർത്തിയിട്ടുണ്ട്. വാറ്റ് ചാരായവും, കാട്ടിറച്ചിയും ഉദ്യോഗസംഘത്തിന് പ്രീയമായതോടെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർദ്ധിക്കുവാൻ കാരണമായിട്ടുണ്ട്.