നെടുമങ്ങാട്: പള്ളിക്കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജുമാ നമസ്‌കാരത്തിനെത്തിയ നിരവധി പേർക്ക് പരിക്ക്. ചുള്ളിമാനൂർ ടൗൺ മുസ്ലിം ജമാഅത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. നമസ്‌കാരത്തിനു ശേഷം പള്ളിയിൽ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിനിടെ ഒരു സംഘമാളുകൾ പള്ളിയിൽ അതിക്രമിച്ചുകയറി അക്രമം നടത്തുകയായിരുന്നെന്നാണ് പരാതി. ചുള്ളിമാനൂർ സ്വദേശികളായ ഷെഫീഖ് (35), അബ്ദുൾ അസീസ് (54), നാസറുദ്ദീൻ (50), ഷാജി (44) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റുള്ളവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് പൊലീസ് കേസെടുത്തു.