തിരുവനന്തപുരം: ലളിത ജീവിതശൈലിയുടെയും വിനയത്തിന്റെയും മാതൃകയാണ് ലക്ഷ്മി എൻ. മേനോനെന്ന് പൂയം തിരുനാൾ ഗൗരി പാർവതിഭായി പറഞ്ഞു. ആൾ ഇന്ത്യ വിമെൻസ് കോൺഫറൻസ് (എ.ഐ.ഡബ്ളിയു.സി) തിരുവനന്തപുരം ബ്രാഞ്ചും ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്ററും ചേർന്ന് സംഘടിപ്പിച്ച ലക്ഷ്മി എൻ. മേനോന്റെ 25-ാം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗൗരി പാർവതിഭായി. വി.കെ. കൃഷ്ണമേനോനെ പോലുള്ള പ്രതിഭകൾ ഇന്ത്യൻ നയതന്ത്രരംഗത്ത് നിറഞ്ഞുനിൽക്കുന്ന കാലത്താണ് ലക്ഷ്മി എൻ. മേനോൻ തന്റേതായ ഇടം കണ്ടെത്തിയതെന്ന് അനുസ്മരണ പ്രഭാഷണത്തിൽ കോൺഗ്രസ് നേതാവ് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. മദ്യത്തിന്റെ ഉപയോഗത്തിൽ നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് മദ്യ ലഭ്യത കുറയ്ക്കുകയാണ്. എന്നാൽ ഇന്ന് കേരളത്തിൽ നടക്കുന്നത് മദ്യരാജാണ്. അറിഞ്ഞുകൊണ്ട് അപകടത്തിലേക്ക് പോവുകയാണ് കേരള സമൂഹം. പബ്ബുകളല്ല ഇവിടെ വേണ്ടത്, അടിസ്ഥാന സൗകര്യങ്ങളാണെന്നും വി.എം. സുധീരൻ പറഞ്ഞു. ആരെയും അതിശയിപ്പിക്കുന്ന ജീവിതമാണ് ലക്ഷ്മി എൻ. മേനോന്റേതെന്ന് മുഖ്യാതിഥിയായ ശശി തരൂർ എം.പി പറഞ്ഞു. 68-ാം വയസിൽ രാഷ്ട്രീയം അവസാനിപ്പിച്ച വ്യക്തികൂടിയാണ് അവർ. ഇന്ന് എത്ര രാഷ്ട്രീയക്കാർ അതിന് തയ്യാറാകുമെന്ന് ചിന്തിക്കണം.
എ.ഐ.ഡബ്ളിയു.സി തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ് ഇന്ദിര രാമകൃഷ്ണപിള്ള അദ്ധ്യക്ഷയായി. എ.ഡി.ഐ.സി ഡയറക്ടർ ജോൺസൺ ജെ. ഇടയാറന്മുള, എ.ഐ.ഡബ്ളിയു.സി രക്ഷാധികാരി ഗൗതമി നായർ, അനിൽ അടൂർ തുടങ്ങിയവർ സംസാരിച്ചു. ഉഷാ നായർ സ്വാഗതവും എസ്. വിജയൻ നന്ദിയും പറഞ്ഞു.