ചിലർ തപസുചെയ്യുന്നത് സ്വാർത്ഥത കലർന്ന വരങ്ങൾ നേടാൻ. ചില ഋഷികൾ ലോകക്ഷേമത്തിനും ആത്മശാന്തിക്കും വേണ്ടി. അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ കാവ്യതപസ് ഒരിക്കലും സ്വന്തം ഉയർച്ചയ്ക്കോ സ്ഥാനമാനങ്ങൾക്കോ വേണ്ടിയായിരുന്നില്ല. എട്ടാംവയസിൽ എഴുതിത്തുടങ്ങിയ അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിക്കുന്നത് തൊണ്ണൂറ്റിമൂന്ന് വയസ് പിന്നിടുമ്പോഴാണ്. അക്കിത്തം കവിതകളുടെ ആരാധകർക്കും ആസ്വാദകർക്കും വൈകിക്കിട്ടിയ പുരസ്കാരം എന്ന് തോന്നാം. പക്ഷേ മഹാകവിക്ക് അതിൽ പരാതിയില്ല. പരിഭവമില്ല. കാരണം മനസാവാചാ കർമ്മണാ അദ്ദേഹം ഋഷികവിയാണ്.
കുട്ടിക്കാലത്തേ കിട്ടിയ വേദപാണ്ഡിത്യം മനുഷ്യരുടെ വിഷാദാഗ്നിയിൽ അദ്ദേഹം കവിതയുടെ കറുകയ്ക്കൊപ്പം ഹോമിക്കുകയായിരുന്നു. അതിൽ നിന്നുയർന്ന കനകനാളങ്ങളിൽ കണ്ണുനീർ സൗരമണ്ഡലമായി. പുഞ്ചിരി നിറപൗർണമിയായി.
പാലക്കാട് കുമരനല്ലൂരിൽ നിന്ന് തുടങ്ങിയ കാവ്യയാത്ര വിഭിന്നമായ പാതകളിലൂടെയായിരുന്നു. നവോത്ഥാനം, സ്വാതന്ത്ര്യസമരം, പത്രപ്രവർത്തനം തുടങ്ങി വ്യത്യസ്ത കർമ്മമണ്ഡലങ്ങൾ.
കവിത, നാടകം, ചെറുകഥ, ഉപന്യാസം എന്നിവയിലായി 46 കൃതികൾ. ഏതു രംഗത്തായാലും ഇഷ്ടം തോന്നിയതിനൊപ്പം നടന്നും അനിഷ്ടം തോന്നിയപ്പോൾ അകന്നുമുള്ള ഏകാന്ത സഞ്ചാരം. ഇടതുപക്ഷ ചിന്താഗതികളോട് രമിച്ചു നടന്നൊരു കാലം. പിന്നെ അതിനോട് സൗമ്യമായി കലഹിച്ചൊരു കാലം. ഈ രണ്ട് കാലങ്ങൾക്കുമിടയ്ക്കാണ് അക്കിത്തം കവിതകളുടെ വസന്തകാലം. ഇടിഞ്ഞു പൊളിഞ്ഞ ലോകത്തും ഹൃദയങ്ങളിലും അദ്ദേഹം ഉദാത്ത കവിതയുടെ കെടാവിളക്ക് തെളിച്ചു. ആധുനികതയുടെ കൊടിയടയാളമായി 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം" രചിച്ചു. മാനവികത, ആത്മീയത, ദാർശനികത എന്നിവയാണ് ആ കാവ്യരഥത്തിന്റെ ചക്രങ്ങൾ.
ശ്രീമഹാഭാഗവതം പരിഭാഷ അദ്ദേഹത്തിന്റെ ഏറ്റവും വിലപ്പെട്ട സാഹിത്യ സംഭാവന. ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ്, കടമ്പിൻ പൂക്കൾ, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, സ്പർശമണികൾ തുടങ്ങിയവയിൽ തെളിഞ്ഞുകാണാം കവിയുടെ ആത്മസഞ്ചാരം.
പദവികൊണ്ടു മാത്രമല്ല ഒരു ഭാഷ ശ്രേഷ്ഠമാകുന്നത്. അതിൽ പിറക്കുന്ന സൂര്യതേജസാർന്ന കൃതികളിലൂടെയുമാണ്. മലയാളത്തിന്റെ പെരുമ സഹ്യനും ഹിമാലയവും കടന്നെങ്കിലും സ്വന്തം നാട്ടിൽ അതിന് അയിത്തവും ഭ്രഷ്ടും കല്പിക്കപ്പെടുന്നു. പി.എസ്.സി ചോദ്യപേപ്പറിൽ ഇടം നേടാൻ പോലും സാഹിത്യ സാംസ്കാരികരുടെ നേതൃത്വത്തിൽ സഹനസമരങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അക്കിത്തത്തിന് ലഭിച്ച ജ്ഞാനപീഠം മലയാള ഭാഷയ്ക്കും കവിതയ്ക്കും അവകാശപ്പെട്ടതാണ്. കാരണം ഈ ഋഷികവിയുടെ തപസ് ലോകശാന്തിക്കും ക്ഷേമത്തിനും വേണ്ടിയാണ്.