തിരുവനന്തപുരം: ചാരിറ്റി പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ഇന്നർ വീൽ ക്ലബ് ഓഫ് ട്രിവാൻഡ്രം ഹസൻ മരിക്കാർ ഹാളിൽ സംഘടിപ്പിച്ച ഗ്രാൻഡ് ചാരിറ്റി സെയിൽ ശ്രദ്ധേയമായി. വനിതാ സംരംഭകരുടെ വ്യത്യസ്‌ത ഇനങ്ങളിലുള്ള ഉത്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിരുന്നത്. മേള ഗൗരി പാർവതി ഭായ് ഉദ്ഘാടനം ചെയ്‌തു. മേളയിൽ നിന്നുള്ള ലാഭം സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് നൽകാനും സ്‌കൂൾ അംഗൻവാടി എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമാണ് ഉപയോഗിക്കുന്നത്. കരിമഠം ബ്രാൻഡ് വസ്ത്രങ്ങൾ, കുപ്പിയിൽ നിർമ്മിച്ച കരകൗശല വസ്‌തുക്കൾ, വിർജിൻ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ടാപ്പ്‌വെ‌യർ ഉത്പന്നങ്ങൾ, ഇന്റീരിയർ പ്ലാന്റ്സ്, ആംവേ ഉത്പന്നങ്ങൾ, മ്യൂറൽ പെയിന്റിംഗ്സ്, ഹാൻഡ് എംബ്രോയിഡറി, ക്ലോത്ത് ബാഗുകൾ, ഹെൽത്ത് മിക്‌സ്‌ ഉത്പന്നങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്‌തുക്കൾ തുടങ്ങിയവും മേളയിൽ ശ്രദ്ധേയമായി. പദ്മനാഭ സ്വാമിയുടെ ചിത്രങ്ങൾ വിൽക്കാനായി ഗൗരി ലക്ഷ്‌മീഭായിയുടെ സ്റ്റാളും പദ്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ചും ചിത്തിര തിരുനാൾ മഹാരാജാവിനെക്കുറിച്ചുള്ള പുസ്‌തകങ്ങളും മേളയിലുണ്ടായിരുന്നു. മലബാറി ദം ബിരിയാണി മുതലുള്ള നോൺ വെജ് ഫുഡ് ഇനങ്ങളും തൈര് വടയും സംഭാരവുമടക്കമുള്ള ബ്രാഹ്മിൻസ് വിഭവങ്ങളും ഗ്രാൻഡ് ചാരിറ്റി സെയിലിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ചാരിറ്റി സെയിലിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് ഹാപ്പി സ്‌കൂൾ എന്ന പദ്ധതിയുടെ ഭാഗമായി വഞ്ചിയൂർ സ്‌കൂളിൽ ടോയ്‌ലെറ്റ് നിർമ്മിച്ചു നൽകുകയും കുറവൻകോണം സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള പ്ളേറ്റുകളും കപ്പുകളും വാങ്ങി നൽകുകയും ചെയ്‌തതായി എക്‌സിബിഷൻ കോ ഓർഡിനേറ്റർ ഡോ. അനിത പറഞ്ഞു. ഇത്തവണത്തെ വില്പനയിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് അംഗൻവാടികൾ നവീകരിക്കുകയാണ് ലക്ഷ്യമെന്നും ഇവർ പറഞ്ഞു. മേളയിൽ തയ്യാറാക്കിയിട്ടുള്ള 40 ടേബിളുകൾക്ക് വാടക ഈടാക്കുക മാത്രമാണ് ചെയ്യുന്നത്. ഉത്പന്നങ്ങൾ വില്പന നടത്തുന്ന വനിതാ സംരംഭകരിൽ നിന്നും ഈടാക്കുന്ന ചെറിയ വാടക ഉപയോഗിച്ചാണ് ചാരിറ്റിപ്രവർത്തനം നടത്തുന്നതെന്ന് പ്രസിഡന്റ് ശോഭ തുളസീധരൻ, സെക്രട്ടറി രൂപശിവ എന്നിവർ പറഞ്ഞു. പൊതുജനങ്ങളുടെ നല്ല പങ്കാളിത്തം കാരണമാണ് ഓരോ വർഷവും പരിപാടി വിജയിപ്പിക്കാൻ സാധിക്കുന്നതെന്ന് ഡിസ്ട്രിക് ചെയർപേഴ്‌സൺ ഷൈലജ പങ്കജം പറഞ്ഞു.