കേരളത്തിന്റെ സ്വന്തം ബാങ്കെന്ന സ്വപ്നം അങ്ങനെ സഫലമായിരിക്കുകയാണ്. പ്രതിപക്ഷകക്ഷികളുടെ ശക്തമായ എതിർപ്പും നിയമതടസങ്ങളും മറികടന്നാണ് കേരള ബാങ്ക് യാഥാർത്ഥ്യമാവുന്നത്. ബാങ്ക് രൂപീകരണത്തിനെതിരെ നിലവിലുണ്ടായിരുന്ന ഹർജികളെല്ലാം ഹൈക്കോടതി വെള്ളിയാഴ്ച തള്ളിയതിനു പിന്നാലെയാണ് പുതിയ സംരംഭം പിറവിയെടുത്തത്. ഒന്നരവർഷം മുൻപ് നിലവിൽ വരേണ്ടിയിരുന്ന കേരള ബാങ്ക് ഇത്രയും വൈകാൻ കാരണം പ്രതിപക്ഷത്തു നിന്നുണ്ടായ തടസങ്ങളാണ്. ഇപ്പോഴും യു.ഡി.എഫ് നിയന്ത്രണത്തിലുള്ള മലപ്പുറം ജില്ലാ സഹകരണബാങ്ക് കേരള ബാങ്കിന്റെ ഭാഗമാകാതെ ഒറ്റയ്ക്കു നിൽക്കുകയാണ്. പതിമ്മൂന്നു ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിച്ചുള്ള കേരളബാങ്ക് അതിന്റെ പേര് സൂചിപ്പിക്കും പോലെ സമഗ്രമാകണമെങ്കിൽ മലപ്പുറം ജില്ലാ ബാങ്ക് കൂടി അതിന്റെ ഭാഗമാകേണ്ടതുണ്ട്. രാഷ്ട്രീയ പരിഗണന മാറ്റിവച്ച് ചിന്തിച്ചാൽ മലപ്പുറത്തിനും കേരള ബാങ്കിന്റെ ഭാഗമാകാവുന്നതേയുള്ളൂ. സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രത്യാശിക്കുന്നതുപോലെ വൈകാതെ തന്നെ അതിനുള്ള സാഹചര്യം വന്നുചേരുക തന്നെ ചെയ്യും.
സംസ്ഥാനത്തിന്റെ നാനാമുഖമായ വികസനത്തിൽ മുഖ്യപങ്കാളിയെന്ന നിലയ്ക്കാണ് കേരള ബാങ്ക് രൂപം കൊള്ളുന്നത്. ബാങ്ക് പൂർണതോതിൽ പ്രവർത്തനം തുടങ്ങാൻ കുറച്ചു സമയം കൂടി എടുക്കും. ഭരണപരമായ ധാരാളം കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ ബാങ്കുകളും കൈകാര്യം ചെയ്തിരുന്ന ബാങ്കിംഗ് ഇടപാടുകൾ കേരള ബാങ്കിലേക്കു മാറുമ്പോൾ സാങ്കേതികവും ഭരണപരവുമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പടിപടിയായി അതു പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരള ബാങ്കിന്റെ ആദ്യ പൊതുയോഗം ഈ മാസം തന്നെ വിളിച്ചു ചേർക്കും. ജനുവരി മുതൽ പൂർണതോതിലുള്ള സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. പ്രാഥമിക സഹകരണ ബാങ്കുകളെ കേരള ബാങ്കിൽ ലയിപ്പിക്കുന്നത് രണ്ടാംഘട്ടത്തിലാണ്. ഇതിനു മുൻപായി കോർ ബാങ്കിംഗ് സംവിധാനം പൂർണതോതിൽ പൂർത്തിയാക്കേണ്ടതുണ്ട്. അടുത്ത സെപ്തംബറിലേ ഇതു പൂർത്തിയാവുകയുള്ളൂ. പുതിയ ബാങ്ക് പ്രവർത്തനം തുടങ്ങുമ്പോൾ ആദ്യ ഘട്ടത്തിൽ ചില ബാലാരിഷ്ടതകൾ സ്വാഭാവികമാണ്. അവ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ. ജീവനക്കാരുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട്. ചർച്ചകളിലൂടെ രമ്യമായി പരിഹാരം കാണേണ്ട പ്രശ്നങ്ങളാണിവ. മാർച്ച് അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട നടപടികളും പൂർത്തിയാക്കും.
ദേശസാത്കൃത - സ്വകാര്യ ബാങ്കുകൾ തലങ്ങും വിലങ്ങും പ്രവർത്തിക്കുന്ന സംസ്ഥാനത്ത് അതേ മാതൃകയിൽ പുതിയൊരു കേരള ബാങ്കിന് എന്തു പ്രസക്തിയെന്ന് സന്ദേഹിക്കുന്നവർ ധാരാളമുണ്ട്. ജനങ്ങളുടെയിടയിൽ അഗാധ വേരോട്ടമുള്ള സഹകരണ ബാങ്കുകളുടെ കൂട്ടായ്മയായ വലിയ ഒരു ബാങ്ക് സ്ഥാപിതമാകുമ്പോൾ ജനങ്ങൾക്കു പ്രതീക്ഷിക്കാൻ ഏറെയുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. എല്ലാത്തരത്തിലും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും നന്മ ലക്ഷ്യമാക്കിയാകണം കേരള ബാങ്കിന്റെ പ്രവർത്തനം. മറ്റു ബാങ്കുകളേതിൽ നിന്നു ഭിന്നവും ജനാഭിമുഖ്യവുമുള്ള സേവന മനോഭാവം സ്വായത്തമാക്കുക എന്നതാണ് പ്രധാനം. കേരള ബാങ്കിന് അതു കഴിയട്ടെ എന്നു ആശംസിക്കുന്നു. ഇടതുമുന്നണി സർക്കാരിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു കേരള ബാങ്ക്. കുറച്ചു വൈകിയാണെങ്കിലും അത് ഇപ്പോൾ യാഥാർത്ഥ്യമായതിൽ ഏവർക്കും അഭിമാനിക്കാം. പുതിയ ബാങ്കിന് ഞങ്ങൾ എല്ലാവിധ മംഗളവും നേരുന്നു.