vio
വൃന്ദവാദ്യം മത്സര ശേഷം കുട്ടുകാർ അതുലിനെ എടുത്തു കൊണ്ട് വരുന്നു ഫോട്ടോ ശ്രീകുമാർ ആലപ്ര

കാഞ്ഞങ്ങാട്: 'അതുലിനെ ഇപ്പോൾ ഡിസ്ചാർജ് ചെയ്യാൻ പറ്റില്ല! അഞ്ചുദിവസംകൂടി കിടക്കട്ടെ. കാലിന്റെ പൊട്ടലുകൾ പ്രശ്നാണ്' പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞപ്പോൾ കൂട്ടുകാ‍ർ പരസ്പരം നോക്കി. ''ഡോക്ടർ... നാളെ കലോത്സവത്തിനു പോണം''. ''അതിനു അടുത്തവർഷവും പോകാല്ലോ?​...''

പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ ബിയോണ്ട് ദി ബാൻഡ് അംഗങ്ങൾ അന്തിച്ചു നിൽക്കുകയാണ്. വൃന്ദവാദ്യത്തിൽ അതുൽ കീ ബോർഡ് വായിച്ചില്ലെങ്കിൽ താളം തെറ്റും. അവർ അതുലിന്റെ മുഖത്തേക്കു ദയനീയമായി നോക്കി. അതുൽ ചിരിച്ചു '' നിങ്ങളെന്നെ പൊക്കിക്കോളീൻ...നമ്മുക്ക് മുങ്ങാം'' രണ്ടു പേരവനെ താങ്ങി. നേരെ പാഞ്ഞെത്തിയത് കാഞ്ഞങ്ങാട് മേലാങ്കോട് യു.പി സ്കൂളിൽ.

കീ ബോർഡ് വായിക്കേണ്ടത് നിന്നാണ്. അതിന് സാധിക്കില്ല. ഒരു കസേര ഇരിക്കാനും മറ്റൊരു കസേര പരിക്കേറ്റകാൽ നിവർത്തി വയ്ക്കാനും സംഘടിപ്പിച്ചു. വ്യത്യസ്ത ഈണങ്ങൾ കാണികളെ രസിപ്പിക്കുമ്പോൾ അതുൽ വേദന തിന്നുകയായിരുന്നു. മത്സരശേഷം കൂട്ടുകാരെല്ലാം സംഗീത ഉപകരണങ്ങൾ എടുക്കുന്നതിനു മുമ്പു തന്നെ അവനെ എടുത്ത് താഴെ ഇറക്കി. വണ്ടി നേരെ ആശുപത്രിയിലേക്ക്! ആശുപത്രിയിലെത്തുംമുമ്പു അവരറിഞ്ഞു- എ ഗ്രേഡ് കിട്ടി. അലോക്,​ നിഹാൽ,​ ശ്രാവൺ,​ സഞ്ജയ്,​ നവീൻ,​ അദ്വൈത്. എല്ലാവരും ഹാപ്പി.

പരപ്പനങ്ങാടിയിൽ സബ് ജില്ലാ മത്സരത്തിനു ദിവസങ്ങൾക്കു മുമ്പാണ് ബൈക്കിൽ യാത്ര ചെയ്തിരുന്ന അതുൽ അപകടത്തിൽപ്പെട്ട് ഇടതുകാലൊടിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു ശസ്ത്രക്രിയ. പ്ളാസ്റ്ററിട്ട കാലിനു മുകളിൽ കമ്പികളും സ്ക്രൂകളുമൊക്കെയുണ്ട്. കഴിഞ്ഞ തവണയും ജില്ലയെ പ്രതിനിധീകരിച്ച് എ ഗ്രേഡ് നേടിയ അവർ നിരാശയിലായി. സബ് ജില്ലാതല മത്സരത്തിന്റെ അന്ന് മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു. നേരെ മത്സരരംഗത്ത്. ഒന്നാം സ്ഥാനം. മകന്റെ ഉത്സാഹം കണ്ടപ്പോൾ സംഗീതാദ്ധ്യാപകൻ കൂടിയായ അനിൽകുമാർ വിലക്കിയില്ല. അവനെ പരിശീലനത്തിനു വിട്ടു. പക്ഷേ,​ കണക്കുകൂട്ടൽ തെറ്റിയത് ജില്ലാ കലോത്സവത്തിൽ മത്സരിക്കുന്നതിനിടയിൽ കീ ബോർഡ് സ്റ്റാൻഡ് ഇളകി ഒടിഞ്ഞ കാലിലേക്കു വീണതോടെയാണ്. ആ കാല് താങ്ങിവച്ച് കീ ബോർഡ് വായിച്ച് മത്സരം പൂർത്തിയാക്കി. കിട്ടിയത് രണ്ടാം സ്ഥാനം. ആശുപത്രിയിൽ കിടപ്പുമായി. കൂട്ടുകാർ അപ്പീലിനു പോയപ്പോൾ അത് അനുവദിച്ചു. അങ്ങനെയാണ് സംസ്ഥാന കലോത്സവത്തിനെത്തിയത്.