മലയിൻകീഴ്: മലയിൻകീഴ് വില്ലേജ് ഓഫീസിനുമുന്നിൽ രണ്ട് അക്കേഷ്യമരങ്ങൾ അപകടക്കെണിയായി. ഉണങ്ങിയമരങ്ങൾ ഏതുനേരവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. മൂന്ന് അക്കേഷ്യമരങ്ങളുണ്ടായിരുന്നതിൽ ഒരെണ്ണം അടുത്തിടെ കടപുഴകി. അത് രാത്രിയിലായിരുന്നതിനാൽ അപടം ഒഴിവായി. വിവിധ ആവശ്യങ്ങൾക്കായി നിരവധിപേരാണ് വില്ലേജ് ഓഫീസിലെത്തുന്നത്. ഓഫീസ് മുറ്റത്ത് നിൽക്കുന്ന മരമായതിനാൽ കടപുഴകി വീണാൽ വില്ലേജ് ഓഫീസിനും ജീവനക്കാർക്കും വൻ അപകടമാകും. മരങ്ങൾ മുറിച്ച് മാറ്റാൻ തഹസീൽദാരുടെ അനുമതി വാങ്ങി ലേലം നിശ്ചയിച്ചിരുന്നെങ്കിലും, നിരതദ്രവ്യം കൂടുതലായതിനാൽ ലേലം കൊള്ളാൻ ആളുണ്ടായില്ല. രണ്ട് പ്രാവശ്യം ഇത്തരത്തിൽ മരം നീക്കം ചെയ്യാനുള്ള പദ്ധതി പൊളിഞ്ഞിരുന്നു. ഫോറസ്റ്റ് അധികൃതർ നിശ്ചയിക്കുന്ന തുകയാണ് നിരതദ്രവ്യമായി കണക്കാക്കുന്നത്. മരത്തിന്റെ വലുപ്പം, കാലപ്പഴക്കം എന്നിവ കണക്കാക്കിയാണ് തുകയിടുക. ഇതെല്ലാം സാങ്കേതിക കാരണങ്ങൾമാത്രം. അപകടമുണ്ടായാൽ ഇതൊന്നും പറഞ്ഞിട്ടുകാര്യമില്ല. അതേസമയം, മരം മുറിച്ച് നീക്കാൻ വീണ്ടും കാട്ടാക്കട തഹസീൽദാർക്ക് കത്ത് നൽകുമെന്നാണ് വില്ലേജ് ഓഫീസർ പറയുന്നു. അതിനിടെ വില്ലേജ് ജീവനക്കാർ സ്വന്തം പോക്കറ്റിൽ നിന്ന് തുകമുടക്കി മരം മുറിപ്പിക്കാൻ ആലോചിച്ചെങ്കിലും കൂലി ഇനത്തിൽ വലിയൊരുതുക ആകുമെന്നതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.