ബാലരാമപുരം: കട്ടച്ചൽക്കുഴി ഗുരുദേവ ഭജനമഠത്തിന് സമീപം തിരണിവിള വീട്ടിൽ ഓമനയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോൺ കാളുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സംഭവ ദിവസം ഓമനയുടെ ഫോണിലേക്ക് വന്ന കാളുകൾ സൈബർസെല്ലിന്റെ സഹായത്തോടെ പരിശോധിച്ചതിൽ പണമിടപാട് സംബന്ധിച്ച സംസാരം നടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഒരു ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുകയാണ്. ഈ ബന്ധു നിരന്തരം വൃദ്ധയുടെ വീട്ടിൽ വന്നിരുന്നതായും ഫോണിലൂടെ ഓമനയുമായി സംസാരിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള ബന്ധുവിൽ നിന്നു കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അർദ്ധരാത്രിയാണ് തീപിടിത്തം നടന്നതെന്നാണ് പൊലീസ് പറയുന്നത്. വൃദ്ധയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കാണാതായതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള നിഗമനം. അതേസമയം വൃദ്ധ സ്വരുക്കൂട്ടിയിരുന്ന തുക ഇടനിലക്കാരൻ വഴി പലിശയ്ക്ക് കൊടുത്തിരുന്നതായി അഭ്യൂഹമുണ്ട്. എങ്കിൽ വൃദ്ധയെ ഫോൺ വിളിച്ചിരുന്നത് ആര്, പണമിടപാട് സംബന്ധിച്ച് വാക്കുതർക്കം നടന്നിട്ടുണ്ടോ?​ തുടങ്ങിയ സംശയങ്ങളും പൊലീസിനുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം.