തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ മജിസ്ട്രേട്ട് ദീപാമോഹന് നേരെ അഭിഭാഷകർ നടത്തിയ അതിക്രമത്തിന്റെ ഞെട്ടലിലാണ് ദൃക്‌സാക്ഷിയായ നേമം മൊട്ടമൂട് സ്വദേശി ലതാകുമാരി. 'ചേംബറിലേക്ക് ഇരച്ചുകയറിയ അഭിഭാഷകർ കതകടച്ചാണ് അക്രമം കാണിച്ചത്. അവർ മാഡത്തിനെ റെഡിയാക്കി. ഞാൻ ഓടി സർക്കാർ അഭിഭാഷകന്റെ അടുത്തുപോയി. ആരെങ്കിലും രക്ഷപ്പെടുത്തണേ എന്ന് പറഞ്ഞ് കരഞ്ഞു. ആരും വന്നില്ല. ആരും അനങ്ങിയില്ല". - ലതാകുമാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ലതാകുമാരിയെ വാഹനമിടിച്ച് പരിക്കേല്പിച്ച പ്രതിയുടെ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ദീപാമോഹന് നേരെ പ്രതിഷേധമുണ്ടായത്.
'അഭിഭാഷകർ ഒരുപാട് പേരുണ്ടായിരുന്നു. അവർ മുദ്രാവാക്യങ്ങളും അസഭ്യവും വിളിക്കുന്നുണ്ടായിരുന്നു. ഇങ്ങനെയാണോ ഒരുകോടതിയിൽ പെരുമാറുന്നത്? ഒന്നു രണ്ടു പേർ എന്റെ നേർക്കും വന്നു. പൊലീസ് അപ്പോ എന്നെ പിടിച്ചു മാറ്റി. എനിക്കത് ആലോചിക്കാൻ പോലും വയ്യ. ഏത് പൊലീസിനോടും ഇക്കാര്യങ്ങൾ ഞാൻ പറയും. പക്ഷേ സ്റ്റേഷനിൽ ആരുടെയെങ്കിലും സാന്നിദ്ധ്യത്തിലേ പറയൂ. അല്ലെങ്കിൽ എന്റെ മൊഴിയും വളച്ചൊടിക്കുമെന്ന് ഭയമുണ്ട്. ഒരു ജഡ്‌ജിയുടെ അനുഭവം ഇങ്ങനെയാണെങ്കിൽ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും"- ലതാകുമാരി വിതുമ്പലോടെ പറഞ്ഞു.
ബുധനാഴ്‌ച നടന്ന സംഭവങ്ങൾ വിശദീകരിച്ച് ദീപാമോഹൻ സി.ജെ.എമ്മിന് നൽകിയ പരാതിയിലുള്ള സമാനമായ കാര്യങ്ങളാണ് ലതാകുമാരിയും പറയുന്നത്. സംഭവം വിവാദമായതോടെ മജിസ്ട്രേട്ടിനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് ബാർ അസോസിയേഷൻ പറയുന്നത്. ലതാകുമാരിയുടെ മൊഴി പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. മജിസ്ട്രേട്ടിന്റെ പരാതിയിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി. ജയചന്ദ്രൻ, സെക്രട്ടറി പച്ചല്ലൂർ ജയകൃഷ്ണൻ എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന പത്ത് അഭിഭാഷകർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം വഞ്ചിയൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കുരുക്ക് മുറുകിയതോടെ മജിസ്ട്രേട്ട് മർദ്ദിച്ചെന്നാരോപിച്ച് ബാർ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗം രാജേശ്വരി വഞ്ചിയൂർ പൊലീസിലും പരാതി നൽകി.