തിരുവനന്തപുരം: അഭിഭാഷകർ ഇല്ലെങ്കിലും കോടതി പ്രവർത്തിക്കുമെന്ന് തെളിയിച്ച് വഞ്ചിയൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് ദീപ മോഹൻ. മജിസ്ട്രേട്ടിനു നേരെ അഭിഭാഷകർ നടത്തിയ അതിക്രമങ്ങൾക്കു പിന്നാലെ അവർ നടത്തുന്ന കോടതി ബഹിഷ്കരണത്തെ പാടെ അവഗണിച്ച് ചട്ടപ്രകാരമുള്ള കോടതി നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു ഇന്നലെ മജിസ്ട്രേട്ട്. മജിസ്ട്രേട്ടിനോടുള്ള പ്രതിഷേധമെന്ന നിലയിൽ തുടർച്ചയായ മൂന്നാം ദിവസവും അഭിഭാഷകർ ആരും എത്തിയില്ല. എന്നാൽ, ഈ ബഹിഷ്കരണം ഒരുതരത്തിലും മജിസ്ട്രേട്ടിന്റെ ചേംബറിനെ ബാധിച്ചിട്ടില്ല.
കൃത്യമായി കോടതിയിലെത്തുന്ന മജിസ്ട്രേട്ട് ദീപ മോഹൻ, മുറപോലെ കേസുവിളിക്കും. കേസിൽ പ്രതി ഹാജരായില്ലെങ്കിൽ ഉടൻ വാറണ്ട് പുറപ്പെടുവിക്കും. വാറണ്ട് നടപ്പാക്കാൻ പൊലീസിന് കർശന നിർദ്ദേശവും നൽകും. മുൻപ് പ്രതി ഹാജരായില്ലെങ്കിൽ പ്രതിക്കുവേണ്ടി അഭിഭാഷകൻ ഹാജരാകുകയും അവധി അപേക്ഷ നൽകുകയുമാണ് പതിവ്. കേസിൽ പ്രതിയും സാക്ഷിയും ഹാജരുണ്ടെങ്കിൽ ഉടൻ സാക്ഷിമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്തിയ ശേഷം സാക്ഷി പറഞ്ഞ മൊഴിക്ക് എതിരായി എന്തെങ്കിലും സാക്ഷിയോട് ചോദിക്കാൻ ഉണ്ടോ എന്ന് പ്രതിയോട് ചോദിക്കും. പ്രതി ഇല്ല എന്ന് ഉത്തരം നൽകുന്നതോടെ എതിർവിസ്താരം ഇല്ലെന്ന് രേഖപ്പെടുത്തി കേസ് വിധി പറയാനായി മാറ്റും. ഇത് നീതി ലഭിക്കാൻ അർഹരായ പ്രതികൾക്ക് ദോഷകരമാണെന്ന് ആരോപണമുണ്ട്.
അഭിഭാഷകർ ഹാജരായാൽ സാക്ഷിമൊഴികളിലെ കളവ് കണ്ടെത്തി എതിർ വിസ്താരത്തിലൂടെ പ്രതിക്ക് അനുകൂലമായി കേസ് മാറ്റാൻ സാധിക്കുമത്രേ. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കി വിധി പ്രഖ്യാപിച്ചാൽ പ്രതിക്ക് എതിരായും സാക്ഷിക്ക് അനുകൂലമായ ഏകപക്ഷീയ വിധിക്കും ഇടയാകുമെന്നും അഭിഭാഷകർ പറയുന്നു. എന്നാൽ, മജിസ്ട്രേട്ടും അഭിഭാഷകരും ബലാബലം പരീക്ഷിക്കുമ്പോൾ പ്രതികൾക്കും വാദികൾക്കും നീതി ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന നിരീക്ഷണവുമുണ്ട്.