തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ കെ.എസ്.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി നിതിൻ രാജിനെ എസ്.എഫ്.ഐക്കാർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോളേജിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ അതിക്രമം കാട്ടിയ കേസിൽ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.അമൽ മുഹമ്മദ്, ടി. ശംഭു, അജ്മൽ, സുനിൽ .ആർ, വിഘ്നേഷ് എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്. കണ്ടാലറിയാവുന്ന 15 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെ ഡി.സി.പി ആർ. ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പരിശോധനയ്ക്കെത്തിയിരുന്നു. അതിന് ശേഷമാണ് അഞ്ചു പേരെ പിടികൂടിയതായി കന്റോൺമെന്റ് പൊലീസ് അറിയിച്ചത്. പ്രതികളെ ഹോസ്റ്റലിൽ നിന്ന് പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് ഹോസ്റ്റൽ വളപ്പിൽ പരിശോധന നടത്തിയതല്ലാതെ മുറികളിൽ പ്രവേശിച്ചില്ലെന്നാണ് വിവരം.
ഇതിനിടെ, യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കുന്നവരുടെ വിവരം ഉടൻ നൽകാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഘ്നേശ്വരി വാർഡന് നിർദ്ദേശം നൽകി. കോളേജ് പഠനം പൂർത്തിയാക്കിയ നിരവധി പേർ ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്നുണ്ടെന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണിത്.
ഹോസ്റ്റലിൽ താമസിക്കുന്ന രണ്ടാം വർഷ എം.എ ഹിസ്റ്ററി വിദ്യാർത്ഥിയും കെ.എസ്.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ നിതിൻ രാജിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ കൊലവിളിക്കുകയും ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്ത 'എട്ടപ്പൻ' എന്നറിപ്പെടുന്ന മഹേഷ് ഹോസ്റ്റലിലാണ് താമസിക്കുന്നതെന്ന വിവരം പുറത്തുവന്നിരുന്നു. 2010 -11ൽ കോളേജ് യൂണിയൻ ചെയർമാനായിരുന്നു മഹേഷ് ഇപ്പോൾ കോളേജിലെ വിദ്യാർത്ഥിയല്ല. എന്നാൽ വിദ്യാർത്ഥികളെ അടക്കി ഭരിക്കുന്നത് മഹേഷാണെന്ന് ഹോസ്റ്റലിൽ താമസിക്കുന്ന ചില വിദ്യാർത്ഥികൾ പറയുന്നു. മഹേഷിനെ പോലെ നിരവധിപേർ ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് വിവരം.
എട്ടപ്പനെ തൊടാനാകാതെ പൊലീസ്
കെ.എസ്.യുക്കാരനായി നിന്നെ വാഴിക്കില്ലെന്ന് പറഞ്ഞ് നിതിൻ രാജിനെ കൊലവിളിച്ച എട്ടപ്പൻ മഹേഷിനെ തൊടാൻ പൊലീസിന് സാധിച്ചിട്ടില്ല. യൂണിവേഴ്സിറ്റി ഹോസ്റ്റൽ താവളമാക്കിയിട്ടുള്ള മഹേഷിനെ സംഭവം നടന്ന് മൂന്നു ദിവസമായിട്ടും പിടികൂടാത്തത് പൊലീസുമായുള്ള ഒത്തുകളിയാണെന്നും മഹേഷ് ഇപ്പോഴും തലസ്ഥാന നഗരത്തിലുണ്ടെന്നും കെ.എസ്.യു നേതാക്കൾ പറയുന്നു.