കാട്ടാക്കട: ഇറങ്ങുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരിയുടെ കാൽപ്പാദത്തിലൂടെ ടയർ കയറി. ലോട്ടറി വകുപ്പിൽ താത്കാലിക ജീവനക്കാരിയായ പന്നിയോട് കള്ളിപ്പാറക്കുഴി തടത്തരികത്തുവീട്ടിൽ കെ.എസ്. ശ്രീജയ്‌ക്കാണ് (40) ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ഓടെ കാട്ടാക്കട പന്നിയോട് കള്ളിപ്പാറക്കുഴിയിലാണ് സംഭവം.
ജോലിക്ക് പോയ ശേഷം കാട്ടാക്കട ഡിപ്പോയിലെ ബസിൽ മടങ്ങിയെത്തിയ ശ്രീജ കള്ളിപ്പാറക്കുഴിയിൽ ബസ് നിറുത്തി മുൻ വശത്തെ വാതിലിലൂടെ ഇറങ്ങുന്നതിനിടെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു.
പുറത്തേക്ക് തെറിച്ചുവീണ ശ്രീജയുടെ കാൽപ്പാദത്തിലൂടെ ടയർ കയറിയിറങ്ങി. പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിക്കാൻ പോലും ബസ് ജീവനക്കാർ തയ്യാറായില്ല. ഒടുവിൽ പ്രദേശവാസികൾ ആട്ടോറിക്ഷയിലാണ് ശ്രീജയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ശ്രീജയെ അടിയന്തര ഓപ്പറേഷന് വിധേയയാക്കി. കാട്ടാക്കട പൊലീസിൽ പരാതി നൽകി.