കേരളത്തിലെ സംസ്ഥാന സഹകരണബാങ്കും ജില്ലാസഹകരണബാങ്കുകളും സംയോജിപ്പിച്ച് രൂപീകരിക്കുന്ന കേരളബാങ്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കും. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണിത്. ഏവർക്കും സുരക്ഷിതവും വിശ്വസനീയവുമായ ആധുനിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുകയാണ് രൂപീകരണലക്ഷ്യം.
സഹകരണബാങ്കിംഗ് മേഖലയുടെ ഏകോപനത്തിനും മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും നിലനിൽപ്പ് ഉറപ്പാക്കുന്നതിനും കേരളബാങ്ക് സഹായകമാകും. ഗ്രാമീണസമ്പാദ്യമുൾപ്പടെ സംസ്ഥാനത്തിലെ വിഭവങ്ങൾ പൂർണമായി സംസ്ഥാനത്ത് വിനിയോഗിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ഇടപാടുകാർക്ക് കുറഞ്ഞ ചെലവിൽ സേവനം ലഭ്യമാക്കാനും വായ്പാ പലിശനിരക്ക് കുറയ്ക്കുന്നതിനും മൈക്രോ ഫൈനാൻസ് രംഗത്ത് കൂടുതൽ ഫലപ്രദമായി ഇടപെടുന്നതിനും കേരളബാങ്കിന്റെ വരവ് സഹായകമാകും. നിലവിൽ സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളിലുള്ള എ.ടി.എം സംവിധാനം സോഫ്ട് വെയർ എന്നിവ ഉപയോഗിച്ചാണ് പ്രവർത്തനം. ലയനശേഷമുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ ആദ്യ ജനറൽ ബോഡി ഡിസംബറിൽ ചേരും. ബൈലോ ഭേദഗതികളായിരിക്കും പ്രധാന അജണ്ട.
കേരള ബാങ്ക് വരുന്നതോടെ വായ്പ, നിക്ഷേപം എന്നിവ പലമടങ്ങ് വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. വിദേശ നിക്ഷേപം ശേഖരിക്കാൻ പ്രാപ്തി കൈവരിക്കുന്നതോടെ വിദേശനാണയ വിനിമയവും വ്യാപാരവും വർദ്ധിക്കും. എസ്.ബി.ഐ.കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ബാങ്കായിരിക്കും കേരളബാങ്ക്. എസ്.ബി.ഐക്ക് 1216 ബ്രാഞ്ചുകളും 1.53 ലക്ഷംകോടിരൂപയുടെ നിക്ഷേപവുമുണ്ട്. കേരള ബാങ്കിന് ഇപ്പോൾ 825 ബ്രാഞ്ചുകളാണുള്ളത്. 65, 000ത്തിലധികം കോടി രൂപയുടെ നിക്ഷേപമുണ്ട്.
സഹകാരികൾക്ക് നേട്ടം
കേരള ബാങ്കിലൂടെ കൂടുതൽ കാർഷിക വായ്പ
ബാങ്കിന്റെ ധനസ്ഥിതിയിൽ നബാർഡിൽനിന്നും കൂടുതൽ പുനർവായ്പ ലഭിക്കും.
ജില്ലാബാങ്ക് എന്ന തലം ഒഴിവാകുന്നതോടെ നബാർഡിൽ നിന്നും ലഭിക്കുന്ന പുനർവായ്പ കർഷകർക്ക് പലിശ നിരക്ക് കുറച്ചു നൽകാനാകും.
കാർഷികേതര വായ്പകളുടെ പലിശനിരക്കും കുറയ്ക്കാനാവും.
സർക്കാരിനും നേട്ടം
ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപത്തിന് നിശ്ചിതതോതിൽ കരുതൽധനം സൂക്ഷിക്കണം. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ, കാഷ് റിസർവ് റേഷ്യോ എന്നീ വിഭാഗങ്ങളിലാണിത്. 100 രൂപ നിക്ഷേപം വാങ്ങിയാൽ 24രൂപ കരുതലായി മാറ്റിവയ്ക്കണം. ഇതിൽ സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ ഗവൺമെന്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കണം.സഹകരണമേഖലയിലെ ആകെ നിക്ഷേപമായ 1.30ലക്ഷംകോടി രൂപയുടെ 24 ശതമാനം കരുതൽ ധനമായി ലഭിക്കും. കാഷ് റിസർവ് റേഷ്യോ കേരളബാങ്കിനും സെക്യൂരിറ്റി നിക്ഷേപത്തിലേക്കുള്ളത് കിഫ്ബിയിലും ലഭിക്കും.