തിരുവനന്തപുരം: നെടുമങ്ങാട് വെള്ളാച്ചിറ കുന്നിൽ സ്വദേശി സോനു എന്ന ബിജുവിനെ നടുറോഡിലിട്ട് കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം കൂടി അധിക തടവ് അനുഭവിയ്ക്കണം. പ്രതി പിഴ ഒടുക്കിയാൽ അത് കൊല്ലപ്പെട്ട ബിജുവിന്റെ അച്ഛൻ സുകുമാരന് നൽകാനും കോടതി നിർദ്ദേശിച്ചു. ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് നെടുമങ്ങാട് പനവൂർ കൊങ്ങണങ്ങോട് സ്വദേശി ശ്രീകുമാർ എന്ന കുമാറിനെ ശിക്ഷിച്ചത്. കൊല്ലപ്പെട്ട ബിജുവും പ്രതിയും തമ്മിൽ പലപ്പോഴും ഏറ്റു മുട്ടിയിരുന്നു. സംഭവ ദിവസമായ 2012 ജനുവരി 15ന് ചായ കുടിയക്കാൻ എത്തിയ പ്രതിയും ബിജുവും വാക്ക് തർക്കത്തിലേർപ്പെട്ടു. പിരിഞ്ഞുപോയ ബിജുവിനെ പിന്തുടർന്ന പ്രതി വെളളാച്ചിറ -കല്ലറ റോഡിൽ തടഞ്ഞുനിറുത്തി കഴുത്തറത്ത് കൊന്നെന്നാണ് കേസ്. ബിജുവിന്റെ അച്ഛൻ സുകുമാരൻ അനുജൻ വിനോദ് അടക്കമുളളവരെ സാക്ഷികളാക്കി പ്രോസിക്യൂഷൻ വിസ്തരിച്ചു. 20 രേഖകളും 12 തൊണ്ടിമുതലുകളും ഹാജരാക്കി. അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.