കാട്ടാക്കട: വക്കീലന്മാർ മജിസ്‌ട്രേട്ട് കോടതി ബഹിഷ്‌കരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ബഹിഷ്കരിച്ചത്. അതേസമയം, കോടതി നടപടികൾ തടസപ്പെട്ടില്ല. സീനിയർ അഭിഭാഷകരെപ്പോലും കക്ഷികളുടെ സാന്നിധ്യത്തിൽ അവഹേളിക്കുന്ന തരത്തിലാണ് കോടതിയിൽ പരാമർശിക്കുന്നതെന്നും, മുൻകാലങ്ങളിൽ നിന്നു ഭിന്നമായ രീതിയിലാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അഭിഭാഷകർ ആരോപിച്ചു. പുതിയ മജിസ്‌ട്രേട്ട് ചാർജെടുത്തതുമുതൽ കോടതിയിൽ നടക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ പരാതി സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. സൂചനയായിട്ടാണ് കാട്ടാക്കട ബാർ അസോസിയേഷൻ പ്രസിഡന്റ് എൻ. സുകുമാരൻ പണിക്കരുടെ നേതൃത്വത്തിൽ വക്കീലന്മാർ ബഹിഷ്‌കരണം നടത്തിയത്. സൂചന കൊണ്ട് നടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല ബഹിഷ്കരണവും സമരപരിപാടികളും നടത്തുമെന്നു ബാർ കൗൺസിലംഗം റജീന മാക്സിപോൾ പറഞ്ഞു. അതേസമയം മജിസ്‌ട്രേട്ടിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.