തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പുനഃസംഘടന നടത്തുന്നതിനെ ചൊല്ലി അഖിലേന്ത്യാ നേതൃത്വവും കേരളത്തിലെ കോൺഗ്രസ് നേതൃത്വവും തർക്കത്തിൽ നിൽക്കെ, വിഷയം സങ്കീർണമാക്കിയത് കേരളത്തിലെ നിലവിലെ സംഘടനാ നേതാക്കളാണെന്ന് ആരോപിച്ച് ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. സംഘടനയുടെ ഭരണഘടനയനുസരിച്ച് 36 തികഞ്ഞവർക്ക് ഭാരവാഹികളാകാൻ സാധിക്കില്ലെന്നിരിക്കെ, 36 കഴിഞ്ഞ എം.എൽ.എമാർക്കായി നടത്തിയ നീക്കങ്ങളാണ് കുഴപ്പങ്ങൾക്കു കാരണമെന്നാണ് പ്രതിഷേധിക്കുന്നവർ പറയുന്നത്.
യൂത്ത് കോൺഗ്രസിൽ മുമ്പേ പുനഃസംഘടന നടത്താനാകുമായിരുന്നു. അതിനു മുതിരാതെ തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചത് പ്രായപരിധി കഴിഞ്ഞ ചിലർ നടത്തിയ ഗൂഢാലോചനയെ തുടർന്നാണെന്ന് വിമർശകർ പറയുന്നു. തിരഞ്ഞെടുപ്പുതർക്കം കോടതി കയറിയതോടെ പ്രായപരിധി വീണ്ടും മാനദണ്ഡമാകുന്ന സ്ഥിതിയായി. ഇതോടെ പ്രായപരിധി കഴിഞ്ഞവരെ കൊണ്ടുവരാൻ സമവായ നീക്കമായി. ഇത് വിഷയം കൂടുതൽ സങ്കീർണമാക്കി. തിരഞ്ഞെടുപ്പ് നടന്നാൽ അംഗത്വമുള്ളതുകൊണ്ട് എം.എൽ.എമാർക്ക് മത്സരിക്കാനാകുമെന്നതിനാലാണ് ഇവർ തിരഞ്ഞെടുപ്പിന് ആദ്യം താത്പര്യം കാട്ടിയത്. പ്രായപരിധി പരിഗണിക്കാൻ കോടതി പറഞ്ഞതോടെ ഇവർ തന്നെയാണ് സമവായത്തിനും ശ്രമിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രം ബാധകമായിരുന്ന മാനദണ്ഡങ്ങൾ കോടതി ഇടപെടലുണ്ടായതോടെ മണ്ഡലതലം വരെ ബാധിക്കുമെന്ന സ്ഥിതിയുമായി. എം.എൽ.എമാരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിലെത്തിച്ചാൽ ചരിത്രത്തിലാദ്യമായി 36 കഴിഞ്ഞ സംസ്ഥാന പ്രസിഡന്റ് കേരളത്തിലുണ്ടാകുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എം.എൽ.എമാർക്ക് അതിന്റെ ഉത്തരവാദിത്വങ്ങളുള്ളപ്പോൾ മറ്റുള്ളവർക്ക് എന്തിന് അവസരം നിഷേധിക്കുന്നുവെന്നാണ് ചോദ്യം.