u-suresh

തിരുവനന്തപുരം: അമ്മയുടെ ശതാഭിഷേക ദിവസം പി.എസ്.സി മുൻ അംഗവും സി.പി.ഐ സംസ്ഥാന സോഷ്യൽ മീഡിയ ഡിപ്പാർട്ട്മെന്റ് കമ്മിറ്റി അംഗവുമായിരുന്ന യു. സുരേഷ് (60) കുഴഞ്ഞു വീണ് മരിച്ചു. മാതാവിന്റെ 84-ാം പിറന്നാൾ ചടങ്ങുകൾക്കിടയിൽ കുഴഞ്ഞുവീണ സുരേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സി. അച്ചുതമേനോൻ ഫൗണ്ടേഷൻ ഗവേണിംഗ് ബോഡി അംഗവും ജനയുഗം മുൻ ജനറൽ മാനേജരുമായിരുന്നു. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് പി.ടി. ഭാസ്‌കര പണിക്കരുടെയും ജാനകി പണിക്കരുടെയും മകനാണ്. ഭാര്യ ശ്രീദേവി ബാങ്ക് ജീവനക്കാരിയാണ്. മക്കൾ : ഗായത്രി, ഗാഥ. മരുമക്കൾ : മഹേഷ്, കേശവ്‌രാജ് നായർ.
സ്കൂൾ തലം മുതൽ എ.ഐ.എസ്.എഫിൽ അംഗമായ സുരേഷ് തിരുവനന്തപുരത്തെ പ്രധാന നേതാക്കളിലൊരാളായിരുന്നു. എ.ഐ.എസ്.എഫ് ജില്ലാ, സിറ്റി ഭാരവാഹിയായിരുന്നു. തിരുവനന്തപുരം ആർട്സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സുരേഷ് എസ്.ബി.ടി എംപ്ലോയീസ് യൂണിയന്റെയും എ.ഐ.ബി.ഇ.എയുടെയും പ്രവർത്തകനായിരുന്നു. യുവകലാ സാഹിതിയുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചു
സി.പി.ഐ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ജോലി രാജിവച്ച് മൂന്ന് വർഷം ജനയുഗം പത്രത്തിന്റെ ജനറൽ മാനേജരായി. തുടർന്ന് പി.എസ്.സി അംഗമായി. വിരമിച്ച ശേഷം നവയുഗം പത്രാധിപസമിതി അംഗമായി. വെള്ളിയാഴ്ച ചേർന്ന സി.പി.ഐ സംസ്ഥാന സോഷ്യൽ മീഡിയ ഡിപ്പാർട്ടുമെന്റ് കമ്മിറ്റി യോഗത്തിലും ലെനിൻ ബാലവാടിയിൽ നടന്ന പൊതുയോഗത്തിലും സുരേഷ് പങ്കെടുത്തു.
സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു, ദേശീയ കൗൺസിൽ അംഗം അഡ്വ. പി. വസന്തം, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി. പ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മാങ്കോട് രാധാകൃഷ്ണൻ, വി.പി. ഉണ്ണിക്കൃഷ്ണൻ, ശുഭേഷ് സുധാകരൻ തുടങ്ങിയവർ ആശുപത്രിയിലും വീട്ടിലുമെത്തി അന്തിമോപചാരം അർപ്പിച്ചു.
വഞ്ചിയൂരിൽ കോടതിക്ക് സമീപം സ്വവസതിയായ ഗീതാഞ്ജലിയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ നേതാക്കൾ രക്തപതാക പുതപ്പിച്ചു. സംസ്‌കാരം : ഇന്ന് ഉച്ചയ്‌ക്ക് 12.30ന് ശാന്തി കവാടത്തിൽ.