കിളിമാനൂർ: മടവൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കിളിമാനൂർ ബ്ലോക്കിലെ സഹകരണ ബാങ്കുകളും കാർഷിക ഗ്രാമവികസന ബാങ്കുകളും ഉൾപ്പെടെ സഹകരിപ്പിച്ചു കൊണ്ട് കിളിമാനൂർ കേന്ദ്രമാക്കി അത്യാധുനിക ചികിത്സാസൗകര്യമുള്ള സഹകരണ ആശുപത്രിയും കൺവെൻഷൻ സെന്ററും ഒരുങ്ങുന്നു. ഇതിനായുള്ള പ്രവർത്തനങ്ങൾ മടവൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. ഇതോടൊപ്പം ബാങ്കിന്റെ നേതൃത്വത്തിൽ മടവൂർ കേന്ദ്രമാക്കി ഒരു കൺവെൻഷൻ ഹാളും നിർമ്മിക്കും. പൊതു ജനങ്ങൾക്കും സഹകാരികൾക്കും കുറഞ്ഞ ചെലവിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ സംഘടിപ്പിക്കാൻ ഹാൾ പ്രയോജനപ്പെടും. കിളിമാനൂർ മേഖലയിൽ ആതുര ശുശ്രൂഷാ രംഗത്ത് സഹകരണ ആശുപത്രി വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. സ്വകാര്യ ആശുപത്രികളിലെ അമിതമായ ചികിത്സാ ചെലവുകൾ സഹകരണ മേഖലയിലെ ആശുപത്രി സ്ഥാപിതമാകുന്നതോടെ വലിയൊരളവിൽ പരിഹാരം ആകുമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. എട്ട് അപ്പെക്സ് ബാങ്കുകളും രണ്ട് കാർഷിക ഗ്രാമ വികസന ബാങ്കുകളും മറ്റ് സഹകരണ ബാങ്കുകളും ചേർന്നുള്ള കൺസോർഷ്യമാണ് മടവൂർ സർവീസ് ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ ആശുപത്രി സ്ഥാപിക്കുന്നത്. നാട്ടിൻപുറങ്ങളിലെ ചെറിയ ഓഡിറ്റോറിയങ്ങൾക്കു പോലും പ്രതിദിനവാടകയായി ലക്ഷങ്ങൾ വാങ്ങുമ്പോൾ മടവൂരിൽ ബാങ്ക് സ്ഥാപിതമാകുന്ന കൺവെൻഷൻ സെന്റർ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് സാധാരണക്കാർക്ക് വളരെ ഉപയോഗപ്പെടുമെന്നുള്ളത് ഉറപ്പാണ്.