മലയിൻകീഴ്: നിരവധി പേരിൽ നിന്ന് ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പേയാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ ‘നന്ദനം ഗ്രൂപ്പ് ’ ഉടമ വെള്ളനാട് സ്വദേശി മിനിമോളെ (46) റിമാൻഡ് ചെയ്‌തു. തട്ടിപ്പിനിരയായ 20 പേർ നൽകിയ പരാതിയെ തുടർന്നാണ് വെള്ളിയാഴ്ച മിനിമോളെ വിളപ്പിൽശാല പൊലീസ് പിടികൂടിയത്. താലൂക്ക് തലത്തിൽ ഏജന്റുമാരെ നിയോഗിച്ച് കമ്മിഷൻ വ്യവസ്ഥയിൽ 300ലേറെ പേരിൽ നിന്നാണ് ഇവർ വൻ തുക തട്ടിയെടുത്തത്. 25000 രൂപ മുതൽ 20 ലക്ഷം രൂപ വരെ വായ്പ വാങ്ങി നൽകാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് വിളപ്പിൽശാല സി.ഐ ബി.എസ്. സജിമോൻ, എസ്.ഐ ഷിബു എന്നിവർ പറഞ്ഞു.