ഷാർജ : ദൈവദശകം വിശ്വവിശാലതയിലേക്ക് പദ്ധതിയുടെ ആഗോള പ്രചാരണ പദ്ധതിക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 1022 മോഹിനിയാട്ടം നർത്തകർ ഒരുക്കിയ നൃത്ത ചുവടുകളുടെ പശ്ചാത്തലത്തിൽ തുടക്കമായി.
മാദ്ധ്യമ പ്രവർത്തകനായ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ ദൈവദശകം 104 ലോക ഭാഷകളിലേക്ക് മൊഴിമാറ്റി സമാഹരിച്ചതിന്റെ തുടർച്ചയാണ് ദൈവദശകം വിശ്വവിശാലതയിലേക്ക് പദ്ധതി. ദൈവദശകം കൂട്ടായ്‌മയുടെ നേതൃത്വത്തിൽ എല്ലാ ഭൂഖണ്ഡങ്ങളിലും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ. യൂസഫലി മുഖ്യാതിഥിയായി.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി വിശാലാനന്ദ, ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സ്വാമി സച്ചിദാനന്ദ, ദൈവദശകം അരമായ ഭാഷയിലേക്ക് മൊഴിമാറ്റിയ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം, കലാമണ്ഡലം ഹൈമവതി, ദൈവദശകം കൂട്ടായ്‌മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ, ജനറൽ കൺവീനർ ഷാജി ശ്രീധർ എന്നിവർ പ്രസംഗിച്ചു.
കലാമണ്ഡലം ഹൈമവതിയുടെ സാന്നിദ്ധ്യത്തിൽ കേരള കലാമണ്ഡലം ശൈലിയിലായിരുന്നു മെഗാ മോഹിനിയാട്ടം. യു.എ. ഇയിലെ ഏഴ് എമിറേറ്റുകളിൽ നിന്നുള്ള 84 അദ്ധ്യാപകരുടെ ശിഷ്യരായ നർത്തകർ അണിചേർന്നു.
മലയാളത്തിലെ ഒരു കൃതി ആദ്യമായാണ് നൂറു ലോകഭാഷകളിലേക്ക് മൊഴിമാറ്റുന്നത്.
ദൈവദശകം കൂട്ടായ്‌മ യു.എ.ഇ സ്വാഗത സംഘം ഭാരവാഹികളായ കെ.വി. ജിജോ, രഘുനാഥ്, ഷിജു പുരുഷോത്തമൻ, നജീബ് പി. മുഹമ്മദ് , ആരോമൽ, മധു, മിനി ആർ. നാഥ്, രാജി ജിജോ, സ്നേഹ ആരോമൽ, ഷീജ ആനന്ദ്, സുരേഷ്, ദേവി സുമ എന്നിവർ നേതൃത്വം നൽകി.