warner

അഡ്ലെയ്ഡ് : രണ്ടുകൊല്ലം മുമ്പ് പന്തുരയ്ക്കൽ വിവാദത്തിൽപ്പെട്ട് കണ്ണീരു കുടിച്ച ആസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും വീണ്ടും സന്തോഷത്തിന്റെ വെള്ളിവെളിച്ചത്തിൽ.

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ സെഞ്ച്വറികളുടെ പരമ്പര സൃഷ്ടിച്ചാണ് വാർണർ വിസ്മയമാകുന്നത്.

ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയിരുന്ന വാർണർ ഇന്നലെ അഡ്ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന് റെക്കാഡുകൾ നിരവധി സ്വന്തമാക്കുകയും ചെയ്തു. മുൻ ക്യാപ്ടനായ സ്മിത്ത് ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് തികയ്ക്കുന്ന ആളായാണ് നാഴികക്കല്ല് കടന്നത്.

അഡ്ലെയ്ഡിൽ നടക്കുന്ന ഡേ ആൻഡ് നൈറ്റ് ടെസ്റ്റിൽ വാർണറുടെയും മാർനസ് ലബുഷാംഗെയുടെയും (162) ബാറ്റിംഗ് മികവിൽ 589/3 എന്ന സ്കോറിലെത്തിയപ്പോൾ ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്തു. സ്റ്റീവൻ സ്മിത്ത് 36 റൺസെടുത്ത് പുറത്തായപ്പോൾ മാത്യുവേഡ് 38 റൺസുമായി പുറത്താകാതെനിന്നു. തുടർന്ന് ഒന്നാം ഇ ഇന്നിംഗ്സിനിറങ്ങിയ പാകിസ്ഥാൻ രണ്ടാംദിനം കളിനിറുത്തുമ്പോൾ 96/6 എന്ന നിലയിലാണ് നാലുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് പാക് ബാറ്റിംഗ് നിരയെ തകർത്തത്.

ഇന്നലെ 302/1 എന്ന നിലയിൽ ഒാസീസ് ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ എത്തിയപ്പോൾ വാർണർ 166 റൺസിലും ലബുഷാംഗെ 126 റൺസിലുമായിരുന്നു. രണ്ടാം വിക്കറ്റിൽ 361 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് ലബുഷാംഗെ മടങ്ങിയത്. ആദ്യടെസ്റ്റിലും വാർണർക്കൊപ്പം ലബുഷാംഗെ സെഞ്ച്വറി നേടിയിരുന്നു. തുടർന്ന് സ്മിത്തിനെ കൂട്ടുനിറുത്തി വാർണർ കത്തിക്കയറി.

മറുപടിക്കിറങ്ങിയ പാകിസ്ഥാന് ഷാൻ മസൂദ് (19), ഇമാം ഉൽഹഖ് (2), അസ്ഹർ അലി (9), ആസാദ് ഷഫീഖ് (9), ഇഫ്തിഖർ അഹമ്മദ് (10), റിസ്‌വാൽ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇപ്പോൾ 493 റൺസ് പിന്നിലാണ് പാകിസ്ഥാൻ.

335

ഒരു ആസ്ട്രേലിയൻ താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് വാർണർ അഡ്ലെയ്ഡിൽ നേടിയത്. 334 റൺസ് നേടിയിട്ടുള്ള സാക്ഷാൽ ബ്രാഡ്മാന്റെയും (1930), മാർക്ക് ടെയ്‌ലറുടെയും (1998) റെക്കാഡുകൾ വാർണർ മറികടന്നു.

380

റൺസ് 2003 ൽ സിംബാബ്‌വെയ്ക്കെതിരെ നേടിയ മാത്യു ഹെയ്ഡനാണ് ടെസ്റ്റിലെ ആസ്ട്രേലിയൻ ടോപ് സ്കോറർ.

361

പിങ്ക് ബാൾ ടെസ്റ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് വാർണറും ലബു ഷാംഗെയും അഡ്ലെയ്ഡിൽ സൃഷ്ടിച്ചത്.

തകർന്നേനെ ലാറയുടെ 400

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറായ ബ്രയാൻ ലാറയുടെ 400 നോട്ടൗട്ട് തകർക്കുമോ വാർണർ എന്നാണ് ആരാധകർ ഉറ്റുനോക്കിയത്. എന്നാൽ ആസ്ട്രേലിയൻ ക്യാപ്ടൻ ടിംപെയ്ൻ അതിന് മുമ്പ് ഡിക്ളയർ ചെയ്തു. ഫ്ളഡ് ലിറ്റിൽ പാകിസ്ഥാനെ ബാറ്റിംഗിനിറക്കി വിക്കറ്റുകൾ വേഗം വീഴ്ത്താനായിരുന്നു ഇത്. വരും ദിവസങ്ങളിൽ മഴയുടെ സൂചനയുള്ളതും വെയ‌്നിനെ ഡിക്ളറേഷന് പ്രേരിപ്പിച്ചു.

73

വർഷം പഴക്കമുള്ള റെക്കാഡ് തകർത്താണ് സ്റ്റീവൻസ്മിത്ത് 7000 ക്ളബിൽ എത്തുന്ന വേഗമേറിയ ബാറ്റ്സ്‌മാനായത്. 1946 ൽ 131 ഇന്നിംഗ്സുകളിൽനിന്ന് 7000 ത്തിലെത്തിയിരുന്ന ഇംഗ്ളീഷുകാരൻ വലേറി ഹാമണ്ടിന്റെ റെക്കാഡ് 126-ാം ഇന്നിംഗ്സിൽ സ്മിത്ത് മറികടന്നു. 134 ഇന്നിംഗ്സുകൾ വേണ്ടിവന്ന സെവാഗാണ് മൂന്നാംസ്ഥാനത്ത്.

ടെസ്റ്റ് റൺവേട്ടയിൽ ഡോൺ ബ്രാഡ്മാനെ (6996) മറികടന്നാണ് സ്മിത്ത് 7000 തികച്ചു. ആസ് ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന 11-ാമത്തെ ബാറ്റ്സ്മാനാണ് സ്മിത്ത്.

ഒരിന്നിംഗ്സ്, മൂന്നുചാട്ടം

വാർണർ അഡ്ലെയ്ഡ് ടെസ്റ്റിൽ സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും ട്രിപ്പിൾ സെഞ്ച്വറിയും തികച്ചപ്പോൾ തന്റെട്രേഡ് മാർക്കായ ചാട്ടത്തിലൂടെ ആഘോഷിക്കുന്നു.

100

156 പന്തുകൾ

12 ഫോർ

200

260 പന്തുകൾ

23 പേർ

300

389 പന്തുകൾ‌

37 ഫോർ

335

418 പന്ത്

39 ഫോർ

1 സിക്സ്