കാട്ടാക്കട: നെയ്യാർ വനമേഖലയിൽ മഴ ശക്തമായതോടെ നെയ്യാർഡാമിന്റെ ജലനിരപ്പ് ഉയർന്നു. ഇന്നലെ രാവിലെ നാലു ഷട്ടറുകളും നാലിഞ്ചുകൂടി ഉയർത്തി. ഇപ്പോൾ നാലു ഷട്ടറുകളും ആറിഞ്ചു ആയിട്ടാണ് ഉയർത്തിയത്. പരമാവധി ജലനിരപ്പായ 84.75 മീറ്ററിനോടടുത്ത് രാത്രിയോടെ ജലനിരപ്പ് 84.05 മീറ്ററായി ഉയർന്നതോടെ സംഭരണിയിലേക്കുള്ള ഒഴുക്ക് 33 മീറ്റർ ക്യൂബ്‌ പെർ സെക്കൻഡും, സംഭരണിയിൽ നിന്ന് 33 മീറ്റർ ക്യൂബ് പെർ സെക്കൻഡുമായി ജലം ഒഴുക്ക്. മഴ ശക്തമായാൽ മുന്നറിയിപ്പില്ലാതെ വീണ്ടം ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാദ്ധ്യതയുണ്ട്. നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എൻജിനിയർ ജോസ് അറിയിച്ചു.