തിരുവനന്തപുരം : വരുന്ന സീസൺ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിന്റെ ക്യാപ്ടനായി സച്ചിൻ ബേബിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ തവണ കേരളത്തെ സെമിഫൈനൽ വരെയെത്തിച്ച് ചരിത്രം സൃഷ്ടിച്ച ക്യാപ്ടനാണ് സച്ചിൻ ബേബി.
പകുതി മലയാളിയും മുൻ ഇന്ത്യൻ താരവുമായ റോബിൻ ഉത്തപ്പ ടീമിലുണ്ട്. നേരത്തെ വിജയ് ഹസാരേ ഏകദിന ടൂർണമെന്റിലും സെയ്ദ് മുഷ്‌താഖ് അലി ട്വന്റി 20 ടൂർണമെന്റിലും ഉത്തപ്പയാണ് കേരളത്തെ നയിച്ചിരുന്നത്. എന്നാൽ രഞ്ജിയിൽ കഴിഞ്ഞവർഷത്തെ നേട്ടത്തെ പരിഗണിച്ച് സച്ചിൻ ബേബിയെ തിരിച്ചുവിളിക്കുകയായിരുന്നു.
അതേസമയം വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സഞ്ജു സാംസൺ ഡിസംബർ 11ന് മൂന്നാം ട്വന്റി 20ക്കുശേഷം ടീമിനൊപ്പം ചേരും. ഡിസംബർ ഒൻപതിന് ഡൽഹിക്കെതിരെയാണ് കേരളത്തിന്റെ ആദ്യമത്സരം. രോഹൻ പ്രേമിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നെസ് പരിഗണിച്ചായിരിക്കും പ്ളേയിംഗ് ഇലവനിലേക്കുള്ള പ്രവേശനം.
കേരള ടീം
സച്ചിൻ ബേബി (ക്യാപ്ടൻ), പി. രാഹുൽ, ജലജ് സക്‌സേന, റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, രോഹൻ പ്രേം, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, അക്ഷയ്ചന്ദ്രൻ, സിജോമോൻ, സന്ദീപ് വാര്യർ, മുഹമ്മദ് ആസിഫ്, ബേസിൽ തമ്പി, നിതീഷ് എം.ഡി, രോഹൻ കുന്നുമ്മൽ, മിഥുൻ എസ്.