കിളിമാനൂർ: കേരള കർഷകസംഘം 26-ാമത് ജില്ലാ സമ്മേളനത്തിന് തുടക്കമായി. സ്വാഗതസംഘം ചെയർമാൻ അഡ്വ. എസ്. ജയചന്ദ്രൻ പൊതുസമ്മേളന നഗറിൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്. ഇന്ന് രാവിലെ 9ന് പ്രതിനിധി സമ്മേളനം ചെറുന്നിയൂർ കൃഷ്ണൻകുട്ടി നഗറിൽ (ശ്രീലക്ഷ്മി ആഡിറ്റോറിയം) കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് എൻ. കൃഷ്ണൻനായർ, എം. വിജയകുമാർ, വി. ശിവൻകുട്ടി, ഓമല്ലൂർ ശങ്കരൻ, ഗോപി കോട്ടമുറിക്കൽ, അഡ്വ. എസ്.കെ. പ്രീജ, കെ.സി. വിക്രമൻ തുടങ്ങിയവർ സംസാരിക്കും. പ്രതിനിധി സമ്മേളനം നാളെയും തുടരും. പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക കാഞ്ഞിരംകുളം സുരേഷിന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് വി.എസ്. പത്മകുമാർ ഉദ്ഘാടനം ചെയ്ത് എം.എം. ബഷീർ, ആർ. ബാലചന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സമ്മേളന നഗറിൽ എത്തിച്ചു. പൊതു സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക ചെറുന്നിയൂർ കൃഷ്ണൻകുട്ടിയുടെ സ്മൃതിമണ്ഡപത്തിൽ കെ.സി. വിക്രമൻ ഉദ്ഘാടനം ചെയ്ത് അഡ്വ. ആർ. രാജ്‌മോഹൻ, വി. സുനീർ എന്നിവരുടെ നേതൃത്വത്തിൽ സമ്മേളന നഗറിലെത്തിച്ചു. ഇരു പതാകകളും സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ, ട്രഷറർ ഗോപി കോട്ടമുറിക്കൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കരവാരം ശ്രീകണ്ഠക്കുറുപ്പിന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് കൊടിമര ജാഥ ഡി.കെ. മുരളി ഉദ്ഘാടനം ചെയ്ത് അഡ്വ. കെ. വിജയൻ, എസ്. മധുസൂദനക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സമ്മേളന നഗറിൽ കൊണ്ടുവന്നു. കൊടിമരങ്ങൾ വി. ജോയി എം.എൽ.എ, എസ്.കെ. പ്രീജ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഒപ്പം കിളിമാനൂർ ഏരിയയിലെ കർഷകസംഘത്തിന്റെ 12 വില്ലേജ് കമ്മിറ്റികളിൽ നിന്നുള്ള ദീപശിഖകളും സമ്മേളന നഗറിൽ സംഗമിച്ചു.