കഴക്കൂട്ടം: ഷാനിബ ബീഗത്തെ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തുടരാൻ ഹൈക്കോടതി അനുവദിച്ച് ഉത്തരവായി. യു.ഡി.എഫിൽ നിന്ന് കൂറുമാറി സി.പി.എമ്മിന്റെ സഹായത്തോടെ ബ്ളോക്ക് പ്രസിഡന്റായ ഷാനിബയ്ക്കു എതിരെ ബ്ലോക്ക് പഞ്ചായത്ത് അംഗം അൽത്താഫ് നൽകിയ റിട്ട് ഹർജിയെ തുടർന്ന് പ്രസിഡന്റ് സ്ഥാനത്ത് തുടരാനാവില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്ലോക്ക് പ്രഡിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ടിരുന്നു. തുടർന്ന് തീയതി നിശ്ചയിച്ച് വരണാധികാരി അംഗങ്ങൾക്ക് നോട്ടീസും നൽകി. എന്നാൽ ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഷാനിബ ബീഗം പ്രസിഡന്റായി തുടരുന്നതിൽ നിയമ തടസമില്ലെന്ന് വിധിച്ചിരുന്നു. ഇന്നലെ പ്രസിഡന്റായി ഷാനിബ ബീഗം വീണ്ടും സ്ഥാനമേ​റ്റെടുത്തു.