മാഡ്രിഡ് : ഇന്നലെ നടന്ന സ്പാനിഷ് ലാലിഗ മത്സരത്തിൽ ഡി പോർട്ടീവോ അലാവേസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി റയൽ മാഡ്രിഡ് സ്പാനിഷ് ലാലിഗ ഫുട്ബാളിൽ ബാഴ്സലോണയെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാമതേക്കെത്തി.
ഡിപോർട്ടീവോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ സെർജി റാമോസും ഡാനി കർവഹായലും നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. ഇഞ്ചോടിഞ്ച് വാശിയേറിയ പോരാട്ടത്തിന്റെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. 52-ാം മിനിട്ടിൽ റാമോസിലൂടെയാണ് റയൽ ആദ്യഗോളടിച്ചത്. എന്നാൽ 65-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ലൂക്കാസ് പെരെസ് അലാവേസിനെ സമനിലയിലെത്തിച്ചു. എന്നാൽ 69-ാം മിനിട്ടിൽ കർവഹായൽ റയലിന് വിജയം നൽകി.
14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായാണ് റയൽ ഒന്നാംസ്ഥാനത്തുളളത്. 13 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള ബാഴ്സലോണ രണ്ടാംസ്ഥാനത്തുണ്ട്. നാളെ രാത്രി ബാഴ്സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെയാണ് നേരിടുന്നത്. ഇൗ മത്സരത്തിൽ വിജയിച്ചാൽ ബാഴ്സയ്ക്ക് ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്താനാകും.
മാഞ്ചസ്റ്റർ സിറ്റിയെ
തളച്ച് ന്യൂകാസിൽ
2-2
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ന്യൂകാസിൽ യുണൈറ്റഡ് സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയത്.
22-ാം മിനിട്ടിൽ റഹിം സ്റ്റെർലിംഗിലൂടെ മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. 25-ാം മിനിട്ടിൽ വില്ലെംസ് ന്യൂകാസിലിന് സമനില സമ്മാനിച്ചു. 82-ാം മിനിട്ടിൽ കെവിൻ ഡി ബ്രുയാൻ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും 88-ാം മിനിട്ടിൽ ഷെൽബയ് കളി വീണ്ടും സമനിലയിലാക്കി.
13 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള സിറ്റി ഇപ്പോൾ പട്ടികയിൽ മൂന്നാമതാണ്. ലിവർപൂൾ (37) ഒന്നാമതും ലെസ്റ്റർ സിറ്റി (29) രണ്ടാമതുമാണ്.
ആദ്യമത്സരം
ഗോളില്ലാ സമനില
ഇന്നലെ ഐ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ മിസോറാം ക്ളബ് ഐസ്വാൾ എഫ്.സിയും കൊൽക്കത്ത മോഹൻ ബഗാനും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഐസ്വാളിന്റെ തട്ടകത്തിലാണ് മത്സരം നടന്നത്.