25.7 കിലോമീറ്റർ ദൂരത്തിൽ ക്രഷ് ഗാർഡ് ഫെൻസിംഗ്
91 കുടുംബങ്ങളെ വനത്തിന് പുറത്ത് പുനരധിവസിപ്പിക്കും
410 കിലോമീറ്റർ ആന പ്രതിരോധ മതിൽ നിർമ്മിക്കും
മാനന്തവാടി: വയനാട് ജില്ലയിലെ വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന് വനംവകുപ്പ് പദ്ധതികൾ നടത്തുന്നതായി വനം വകുപ്പ് മന്ത്രി കെ രാജു നിയമസഭയിൽ പറഞ്ഞു. മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വനംമന്ത്രി.
ചെതലയം റേഞ്ചിലെ ദാസനക്കര, പാതിരിയമ്പലം, പാത്രമൂല, കക്കോടൻ ബ്ലോക്ക് പ്രദേശങ്ങളിൽ 14.5 കിലോമീറ്റർ ദൂരത്തിലും, കൽപ്പറ്റ റേഞ്ചിൽ കുന്നുംപുറം പത്താംമൈൽ പ്രദേശങ്ങളിൽ 3.2 കിലോമീറ്റർ ദൂരത്തിലും, മേപ്പാടി റേഞ്ചിൽ വേങ്ങക്കോട്, ചെമ്പ്ര പ്രദേശങ്ങളിൽ 5 കി.മി ദൂരത്തിലുമായി ആകെ 25.7 കിലോമീറ്റർ ദൂരത്തിൽ ക്രഷ് ഗാർഡ് ഫെൻസിംഗ് നടപ്പിലാക്കുന്നതിന് 13.9 കോടി രൂപ കിഫ്ബിയിൽ വകയിരുത്തിയിട്ടുണ്ട്.
പുതുതായി 12 കിലോമീറ്റർ നീളത്തിൽ സൗരോർജ കമ്പിയും രണ്ട് കിലോമീറ്റർ ആന പ്രതിരോധ കിടങ്ങും 30 കിലോമീറ്റർ നീളത്തിൽ സൗരോർജ്ജ കമ്പിവേലിയുടെ അറ്റകുറ്റപണികളും നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് സ്വയംസന്നദ്ധ പുനരധിവാസത്തിന്റെ ഭാഗമായി വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന സൗത്ത് വയനാട് ഡിവിഷനിലെ ചെതലയത്ത് റെയിഞ്ചിന്റെ പരിധിയിലുള്ള കൊള്ളിവയൽ, മണൽവയൽ, ചുള്ളിക്കാട്, മാടപറമ്പ് പ്രദേശങ്ങളിൽ 91 കുടുംബങ്ങളെ കിഫ്ബി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി വനത്തിന് പുറത്ത് പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
തോൽപ്പെട്ടി കുറിച്ച്യാട്, സുൽത്താൻബത്തേരി റെയിഞ്ചുകളിലായി 410 കിലോമീറ്റർ ദൂരത്തിൽ ആന പ്രതിരോധ മതിൽ കിഫ്ബി ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി നിർമ്മിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 190 കിലോമീറ്റർ നിർമാണം പുരോഗമിച്ചു വരുകയാണ്. കിഫ്ബി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി കനാൽ മുതൽ പഴൂർ വരെ 6.3 കിലോമീറ്ററും, വടക്കനാട് ഭാഗത്തെ പണയമ്പം മുതൽ വെള്ളക്കെട്ട് വരെ 4.5 കിലോമീറ്റർ നീളത്തിൽ ക്രാഷ്ഗാർഡ് റോപ് ഫെൻസിംഗ് സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ഈ സർക്കാർ അധികാരമേറ്റശേഷം വയനാട് ജില്ലയിലെ വന്യമൃഗശല്യ പ്രതിരോധത്തിനായി സൗരോർജ്ജ വേലി, ആന പ്രതിരോധ കിടങ്ങ്, ആനപ്രതിരോധ മതിൽ, റെയിൽ ഫെൻസിംഗ് എന്നിവ നിർമ്മിക്കുകയും മുൻപുണ്ടായിരുന്നവ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ വന്യമൃഗ ശല്യപ്രതിരോധ പ്രവർത്തനങ്ങൾ വനം വകുപ്പ് സംഘടിപ്പിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.