tony
ഔദ്യോഗിക ജീവിതത്തിലെ അവസാന വെടി ഉതിർക്കുന്ന ടോണി മാസ്റ്റർ

പനമരം: 30 വർഷത്തെ സേവനത്തിനു ശേഷം കായികാദ്ധ്യാപകരുടെ ചട്ടപ്പടി സമരഭൂമിയിൽ നിന്ന് അവസാന വെടി ഉതിർത്ത് ടോണി മാസ്റ്റർ പുതുതലമുറയ്ക്ക് ഗൺ കൈമാറി പടിയിറങ്ങി. കായികാദ്ധാപകരുടെ അവകാശ സമരത്തിനിടയിൽ നടന്ന വയനാട് റവന്യൂ ജില്ലാ കായിക മേളയിലെ വികാരാധീനമായ ഒരു ദൃശ്യമായിരുന്നു.
30 വർഷമായി വയനാട് ജില്ലയിലെ കായിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് പള്ളിക്കുന്ന് ലൂർദ്ദ് മാതാ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ കായികാദ്ധ്യാപകൻ കൊരണ്ടിയാർക്കുന്നേൽ ടോണി ഫിലിപ്പ് ഈ അക്കാദമിക വർഷത്തിൽ പടിയിറങ്ങുകയാണ്.
മികച്ച വോളിബോൾ താരം , പോൾവാൾട്ട് താരം എന്നീ നിലകളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് അദ്ദേഹം. നിരവധി വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകി സംസ്ഥാന ദേശീയ മത്സരങ്ങളിൽ എത്തിച്ചു. കോഴിക്കോട് എൽ. എഫ്, ആർ.സി.എച്ച്.എസ് ചുണ്ടേൽ, മേപ്പാടി സെന്റ് ജോസഫ് എന്നീ സ്‌ക്കൂളുകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ജില്ല സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റായും വിവിധ കായിക സംഘടനകളുടെ ജില്ലയിലെ പ്രവർത്തനങ്ങളിൽ നേതൃപരമായ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേരളത്തിലാദ്യമായി വയനാട് ജില്ലയിലെ കായികാദ്ധ്യാപകർക്ക് സമ്പൂർണ്ണ നീന്തൽ പരിശീലനം നൽകിയത് ടോണി മാസ്റ്റർ ആർ.ഡി.എസ്.ജി.എ. സെക്രട്ടറി ആയിരിക്കുമ്പോഴാണ്.

ജില്ലയിലെ അത്‌ലറ്റിക് മീറ്റുകൾക്ക് പ്രധാനപ്പെട്ട നേതൃത്വം നൽകിയിട്ടുണ്ട്. ടെന്നിക്വയിറ്റ്, സോഫ്റ്റ് ബോൾ, ത്രോബോൾ മത്സരങ്ങൾ വയനാടിന് പരിചയപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

പ്രൈവറ്റ് കായികാദ്ധ്യാപക സംഘടനാ ജില്ലാ സെക്രട്ടറി, മഡ്‌ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. വയനാട്ടിൽ ആദ്യമായി ഗൺ സ്റ്റാർട്ട് തുടങ്ങിയത് ടോണി മാസ്റ്ററാണ്. 2016 ലെ സംസ്ഥാന അദ്ധ്യാപക ജേതാവാണ് അദ്ദേഹം.