മാനന്തവാടി: വാളാട് പി.എച്ച്.സി ക്ക് സ്ഥലം അനുവദിച്ച് സർക്കാർ ഉത്തരവായി. വാളാട് വില്ലേജിൽ സർവ്വേ നമ്പർ 84 ൽപ്പെട്ട 80 സെന്റ് ഭൂമിയാണ് അനുവദിച്ച് ഉത്തരവായത്.
റവന്യൂ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്. 21 ലക്ഷം രൂപ മതിപ്പ് വിലയുള്ള ഭൂമിയാണ് റവന്യൂ വകുപ്പ് ആരോഗ്യവകുപ്പിന് കൈമാറുക. ഈ ഭൂമി ആരോഗ്യവകുപ്പിന്റെ അധീനതയിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്നതാണ് വ്യവസ്ഥ. ഭൂമി അനുവദിച്ച തിയ്യതിമുതൽ ഒരു വർഷത്തിനകം നിർദ്ദിഷ്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണം.
നിലവിൽ വാളാട് പി.എച്ച്.സി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വാളാട് പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.
മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിന്റെ ശ്രമഫലമായാണ് ഭൂമി ലഭ്യമായത്. മാനന്തവാടി മണ്ഡലത്തിൽ വാടകകെട്ടിത്തിൽ പ്രവർത്തിക്കുന്ന ഏക പി.എച്ച്.സി കെട്ടിടമായിരുന്നു വാളാടെന്നും ഇതിന് സ്ഥലം കണ്ടെത്തുന്നതിന് പ്രഥമ പരിഗണന നൽകിയതായും സർക്കാർ ഈ ആവശ്യം മനസിലാക്കി പുതിയ സ്ഥലം അനുവദിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും മാനന്തവാടി ഒ.ആർ കേളു പറഞ്ഞു. അനുവദിച്ച് കിട്ടിയ ഭൂമിയിൽ ആധുനിക രീതിയിൽ പുതിയ പിഎച്ച്‌സി കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും എംഎൽഎ വ്യക്തമാക്കി.