പടിഞ്ഞാറത്തറ: കൗമാര കലയുടെ രാപകൽ പൂരത്തിന് ആവേശത്തുടക്കം. ബാണാസുരസാഗർ ഡാം സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശത്ത് ഇനി കലയുടെ നിലയ്ക്കാത്ത പ്രവാഹം. കലാ പ്രേമികളുടെ സംഗമത്തിന് പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ് അങ്കണം വേദിയായി. കാണികളുടെ മനസ്സ് നിറച്ച് അരങ്ങിൽ ആടിത്തിമിർത്ത് കലാപ്രതിഭകൾ സ്വന്തം സ്‌കൂളിനായി ആവേശത്തോടെ മത്സരം തുടങ്ങി. ഇനിയുള്ള രണ്ട് ദിനങ്ങളിൽ അരങ്ങൊഴിയാതെ കലകളൊരുക്കുന്ന ഉത്സവാന്തരീക്ഷം.

വയനാട്ടിലെ മുഴുവൻ സ്‌കൂളിലെയും മികവുറ്റ മൂവായിരത്തോളം കലാപ്രതിഭകൾ ചേർന്ന് അരങ്ങിനെ സമ്പന്നമാക്കും. പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കൻഡറി സ്കൂൾ,എ.യു.പി സ്കൂൾ,ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ ഒമ്പത് വേദികളിലാണ് മത്സരം.


സി കെ ശശീന്ദ്രൻ എംഎൽഎ റവന്യൂ ജില്ലാ സ്കൂൾ കലാമേള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അദ്ധ്യക്ഷയായിരുന്നു. ജില്ലാ കളക്ടർ ഡോ:അദീല അബ്ദുള്ള, സിനിമാതാരം അനു സിത്താര, വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹിം തോണിക്കര എന്നിവർ സംസാരിച്ചു.

ഗാന്ധിയൻ ചരിത്രം പേറി കലോത്സവം

പടിഞ്ഞാറത്തറ: മഹാത്മാഗാന്ധിയുടെ ജീവിത സന്ദേശങ്ങൾ കലോത്സവ നഗരിയെ വ്യത്യസ്തമാക്കുന്നു. നൂറ്റിഅമ്പതാമത് ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഗാന്ധിയൻ പ്രതിമയും, 'എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന ആശയവും കലോത്സവ നഗരിയിൽ ഒരുക്കിയിരിക്കുന്നത്. ഗാന്ധിജിയുടെ ജീവിത യാത്രയിലെ പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളുന്ന പേരുകളാണ് കലോത്സവത്തിലെ വേദികൾക്ക് നൽകിയിട്ടുള്ളത്. സബർമതി, മഹാത്മ, കീർത്തി മന്ദിർ, നവജീവൻ, ചമ്പാരൻ, സ്വരാജ്, നവഖാലി, വാർധ, സേവാഗ്രാം, സർവോദയ എന്നിങ്ങനെയാണ് വേദികൾ.

പടിഞ്ഞാറത്തറ സ്‌കൂൾ അങ്കണത്തിൽ ചിത്രകലാ അദ്ധ്യാപകൻ അനി മാസ്റ്റർ ഒരുക്കിയ ഗാന്ധിയൻ പ്രതിമയും ഉണ്ട്.