പടിഞ്ഞാറത്തറ: കലോത്സവങ്ങളിൽ മത്സരിച്ച് ഒന്നും രണ്ടും സ്ഥാനങ്ങൾ വാരിക്കൂട്ടുകയല്ല മത്സരത്തിൽ പങ്കെടുത്ത് കഴിവ് തെളിയിക്കുകയാണ് പ്രധാനമെന്ന് ചലച്ചിത്ര നടി അനുസിത്താര അഭിപ്രായപ്പെട്ടു. ജില്ലാ സ്കൂൾ കലോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വയനാട്ടുകാരി കൂടിയായ അനുസിത്താര. ജയം മാത്രം ലക്ഷ്യം വച്ച് കൊണ്ടായിരിക്കരുത് മത്സരത്തിൽ പങ്കെടുക്കേണ്ടത്. പരാജയപ്പെട്ടവരുടെ മോശമായ വശം മാത്രം കാണരുത്. അവരുടെ നല്ല വശങ്ങളാണ് കണ്ടെത്തേണ്ടത്. പല മത്സരത്തിലും താൻ പങ്കെടുത്തിട്ടുണ്ട്.എന്നാൽ മത്സരത്തിന് ശേഷം മറ്റ് കുട്ടികളുടെ പ്രകടനം എങ്ങനെയാണെന്ന് വീക്ഷിക്കാൻ സമയം കണ്ടെത്തുമായിരുന്നു. എങ്കിലേ നമുക്ക് നമ്മളെ തിരുത്താൻ കഴിയൂ. ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടിയാൽ എല്ലാം ആയി എന്ന് വിചാരിക്കരുത്. ഒരിക്കലും ഒരു നടിയാവുമെന്ന് കരുതിയില്ല. ഭരതനാട്യം ഉൾപ്പെടെ പല മത്സരങ്ങളിലും താൻ പങ്കെടുത്തിട്ടുണ്ട്.സംസ്ഥാന യുജവനോത്സവത്തിലും ഒന്നാം സ്ഥാനത്തെിയിട്ടുണ്ട്. പക്ഷെ അവിടെ പരാജയപ്പെട്ടവരുടെ കഴിവ് കാണാതെ പോകരുതെന്ന് അനു സിത്താര പറഞ്ഞു.