കൽപ്പറ്റ: സിപിഎമ്മിന്റെയും കർഷക–സഹകരണ പ്രസ്ഥാനങ്ങളുടെയും മുന്നണിപ്പോരാളിക്ക് യാത്രാമൊഴി. ആയിരങ്ങളുടെ അന്ത്യാഭിവാദ്യമേറ്റുവാങ്ങി എം വേലായുധൻ ഓർമയായി. മൃതദേഹം പൊതുദർശനത്തിനുവച്ച സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും കോട്ടത്തറ നായനാർ സ്മാരക ഹാളിലും വീട്ടിലും സമൂഹത്തിലെ നാനാമേഖലകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് നിര്യാതനായ വേലായുധന്റെ മൃതദേഹം വ്യഴാഴ്ച്ച രാവിലെ 9.30വരെ പാർട്ടി​ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവച്ചു. പിന്നീട് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി സ്വദേശമായ കോട്ടത്തറയിലേക്ക് കൊണ്ടുപോയി.
പത്തോടെ കോട്ടത്തറയിൽ എത്തിച്ച മൃതദേഹം വേലായുധൻ സൗജന്യമായി നൽകിയ സ്ഥലത്ത് നിർമിച്ച നായനാർ സ്മാരക കമ്യൂണിറ്റിഹാളിൽ പൊതുദർശനത്തിന്‌വച്ചു.

സിപിഎം കൽപ്പറ്റ ഏരിയാസെക്രട്ടറി, ജില്ലാസെക്രട്ടറി, കർഷക സംഘം സെക്രട്ടറി, വൈത്തിരി കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ പദവികളലങ്കരിച്ച വേലായുധന് വലിയ സൗഹൃദവലയമാണുണ്ടായിരുന്നത്. ഇവരെല്ലാം അന്ത്യാഭിവാദ്യമർപ്പിക്കാനെത്തി. വൈകിട്ട് നാലോടെ വൻജനാവലിയുടെ സാനിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, എൻ ഡി അപ്പച്ചൻ, കെ ജെ ദേവസ്യ, സി കെ ശിവരാമൻ, വിജയൻ ചെറുകര, കെ കെ അബ്രഹാം, കെ കെ അഹമ്മദ്ഹാജി, കെ സദാനന്ദൻ, ഏച്ചോം ഗോപി, എ പി ശ്രീകുമാർ,പി.എം.ജോയി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.