കൽപ്പറ്റ: പാട്ട് പഠിക്കാൻ പ്രായം പ്രശ്നമേയല്ലെന്നു തെളിയിക്കുകയാണ് കോട്ടവയൽ മണ്ഡകക്കുനി കരുണന്റെ ഭാര്യ 73-കാരിയായ തങ്കമ്മ. കൽപ്പറ്റ നഗരത്തിലെ സൗപർണിക സ്‌കൂൾ ഓഫ് മ്യൂസിക്കിൽ കഴിഞ്ഞ ദിവസം പ്രവേശനം നേടിയ ഇവർ ആവേശത്തോടെ സംഗീതപാഠങ്ങൾ പരിശീലിക്കുകയാണ്.
പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ പോലും ഭാഗ്യമുണ്ടായിട്ടില്ല തങ്കമ്മയ്ക്ക്. എഴുതാനും വായിക്കാനുമുള്ള കഴിവ് തീരെ കമ്മിയാണെങ്കിലും മനസ്സ് നിറയെ സംഗീതമുണ്ട്. കാലങ്ങളായുള്ള ആഗ്രഹമാണ് പാട്ട് പഠിക്കണമെന്നത്. പ്രായം ചെന്നെങ്കിലും മോഹം കലശലായതോടെ കൽപ്പറ്റ ജൈത്ര തീയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഭർത്താവ് കരുണൻ തന്നെയാണ് തങ്കമ്മയെ സൗപർണികയിൽ ചേർക്കാൻ കൂട്ടിവന്നത്. ടി.വി.സൗമ്യ, ടി.വി.സുചിത്ര എന്നിവരുടെ കീഴിലാണ് പരിശീലനം. ഇടയ്ക്ക് സ്റ്റുഡിയോയിൽ പാടാനും അവസരം കിട്ടി. മൊബൈലിൽ പാട്ട് കേട്ടാണ് തങ്കമ്മ സിനിമാ ഗാനങ്ങൾ പഠിക്കുന്നത്. സംഗീതം പഠിച്ച് ഒരു മ്യൂസിക് ആൽബം പുറത്തിറക്കണമെന്ന വലിയ മോഹമുണ്ട് മനസ്സിൽ.
തൊട്ടടുത്ത ക്ഷേത്രത്തിൽ സ്ഥിരമായി ഭജൻ ആലപിക്കുന്ന തങ്കമ്മയ്ക്ക് പൊതുവേദിയിൽ ഗായികയായി കയറുക എന്ന സ്വപ്നവുമുണ്ട്.