തോൽപെട്ടി: വയനാട് വന്യജീവി സങ്കേതത്തിൽ തോൽപ്പെട്ടി റേഞ്ചിലെ മണ്ണുണ്ടി വനത്തിൽ മൂന്നുമാസം പ്രായമുള്ള കൊമ്പനാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ദേഹമാസകലം മുറിവുകളുണ്ട്. കടുവയുടെ ആക്രമണത്തിൽ മുറിവേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച ഉച്ചയോടെ വനത്തിൽ ആനക്കൂട്ടം നിലയുറപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ വാച്ചർമാർ നടത്തിയ പരിശോധനയ്ക്കു പിറകെയാണ് ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാട്ടാനക്കൂട്ടത്തെ തുരത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു. കാട്ടിക്കുളം ഗവ. വെറ്ററിനറി ആശുപത്രിയിലെ ഡോ.എൻ.ജവഹറിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി. തോൽപെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.സുനിൽ, ബാവലി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കുഞ്ഞിരാമൻ, ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. വിജീഷ്, കെ.കെ.റോയ്, പി.നന്ദൻ, എ.ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി.