സുൽത്താൻ ബത്തേരി:ക്ളാസ് മുറിയിൽ പാമ്പ് കടിയേറ്റ് അഞ്ചാം ക്ളാസുകാരി ഷഹല ഷെറിൻ (10) മരിച്ചത് വയനാട്ടിൽ പ്രതിഷേധക്കൊടുങ്കാറ്റ് ഉയർത്തി. വിദഗ്ദ്ധചികിത്സ വൈകിയതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് ആക്ഷേപം. പഴക്കം ചെന്ന കെട്ടിടത്തിലെ മറ്റു പല ക്ലാസ് മുറികളിലും തറയിൽ മാളങ്ങളുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു.
ഇന്നലെ സ്‌കൂളിലെത്തിയ നാട്ടുകാർ ചില അദ്ധ്യാപകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. രോഷാകുലരായ ഒരു സംഘം സ്റ്റാഫ് റൂം അടിച്ചുതകർത്തു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ അദ്ധ്യാപകർ കാലതാമസം വരുത്തിയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും യുവജനസംഘടനാ പ്രവർത്തകരും രാവിലെ സ്‌കൂളിൽ എത്തിയതോടെ വാക്കേറ്റവും നേരിയ സംഘർഷവുമുണ്ടായി. പ്രധാനാദ്ധ്യാപകനെ മുറിയിൽ പൂട്ടിയിട്ടു. ചില അദ്ധ്യാപകർക്കു നേരെ കൈയേറ്റശ്രമവും നടന്നു.
അന്വേഷണത്തിന് എത്തിയ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇബ്രാഹിം തോണിക്കരയെ നാട്ടുകാർ തടഞ്ഞുവെച്ചു. മാനന്തവാടിയിൽ ജില്ലാ മെഡിക്കൽ ഒാഫീസറെയും സുൽത്താൻ ബത്തേരിയിൽ ഡെപ്യൂട്ടി ഡി.എം. ഒ യെയും ഉപരോധിച്ചു. എം.എസ്.എഫ് പ്രവർത്തകർ ഡി.ഡി.ഇ ഒാഫീസും ഉപരോധിച്ചു.ഷഹല ഷെറിന്റെ മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ഉച്ചയോടെ പുത്തൻകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.