shehala-shereen-

കല്പറ്റ: ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് പത്തു വയസുകാരി മരിച്ച സംഭവത്തിൽ അമർഷം ആളിക്കത്തിയതോടെ വയനാട് കളക്ടറേറ്റ് വളപ്പ് യുദ്ധക്കളമായി മാറി. പ്രകടനമായെത്തിയ വിവിധ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ കളക്ടറേറ്റിലേക്ക് ഇരച്ചുകയറി. ചെറുത്തുനിന്ന പൊലീസുമായുണ്ടായ ഉന്തും തള്ളും ഏറ്റുമുട്ടലായി. മൂന്ന് മണിക്കൂറോളം കളക്ടറേറ്റും പരിസരവും സമരകേന്ദ്രമായി മാറുകയായിരുന്നു.

ബത്തേരി ഗവ. സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ മരിച്ച സംഭവത്തിൽ കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ കർശനനടപടി ആവശ്യപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ എസ്.എഫ്.ഐ പ്രവർത്തകരാണ് വയനാട് കളക്ടറേറ്റിലേക്ക് ആദ്യം മാർച്ച് ചെയ്തത്. പെൺകുട്ടികളടക്കം ഗേറ്റ് ചാടിക്കടന്ന് ഒന്നാംനിലവരെ എത്തി. ബലപ്രയോഗം ഫലിക്കാതായതോടെ പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ പെൺകുട്ടികളുൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റു.


ഏറെ വൈകാതെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിലേക്ക് പാഞ്ഞുകയറി. പൊലീസ് തടഞ്ഞതോടെയുണ്ടായ ഉന്തും തളളും കുറച്ചുനേരം നീണ്ടു. പിന്നീട് പ്രക്ഷോഭകർ കളക്ടറേറ്റിനു മുന്നിൽ മുദ്രാവാക്യം വിളിച്ച് കുത്തിയിരുന്നു. ഇവരെ നീക്കാനുള്ള ശ്രമത്തിനിടയിലും ഏറ്റുമുട്ടലുണ്ടായി. പൊലീസ് ഒടുവിൽ ലാത്തി വീശി പ്രക്ഷോഭകരെ പിരിച്ചുവിട്ടു. തൊട്ടു പിറകെ എം.എസ്.എഫുകാരും എ.ബി.വി.പി പ്രവർത്തകരും പ്രകടനമായി കളക്ടറേറ്റിലേക്കെത്തി. പൊലീസ് വലയം ഭേദിക്കാൻ ഇരുകൂട്ടരും ശ്രമിച്ചതോടെ സംഘർഷമായി. ലാത്തിപ്രയോഗത്തിലൂടെയാണ് ഇവരെയും പിരിച്ചുവിട്ടത്.