സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് ബാലിക മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടതോടെ ജില്ലാ ജഡ്ജി എ.ഹാരിസ് ഇന്നലെ ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നേരിട്ടെത്തി തെളിവെടുത്തു. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ചെയർപേഴ്‌സൺ കെ.പി.സുനിത, ജഡ്ജി ബൈജുനാഥ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സംഭവം നടന്ന ക്ലാസ് മുറിയും സ്‌കൂളിന്റെ പരിസരവും ജില്ലാ ജഡ്ജി വിശദമായി പരിശോധിച്ചു. സ്കൂൾ വളപ്പിലെ വൃത്തിശൂന്യമായ ഇടങ്ങളും മറ്റും കണ്ടതോടെ എന്താണ് ഇവിടെ നടക്കുന്നതെന്ന് അദ്ദേഹം രോഷത്തോടെ ആരാഞ്ഞു. പ്രധാനാദ്ധ്യാപകൻ ഉൾപ്പടെയുള്ളവരെ ജഡ്ജി പരസ്യമായി തന്നെ വിമർശിച്ചു.
സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരോടും നിർബന്ധമായും എത്താൻ പറഞ്ഞിരുന്നതാണല്ലോ? എന്തുകൊണ്ട് എല്ലാവരും വന്നില്ല? - അദ്ദേഹം ചോദിച്ചു. ഏതോ ഒരു കുട്ടിയുടെ മരണം എന്ന രീതിയിൽ കാണാതെ സ്വന്തം കുട്ടിക്കുണ്ടായ ദുരന്തമായി കാണാൻ അദ്ധ്യാപകർക്ക് കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈക്കോടതിയിൽ നിന്ന് നേരിട്ട് നിർദ്ദേശിച്ചതനുസരിച്ചാണ് താൻ എത്തിയതെന്ന് ജില്ലാ ജഡ്ജി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.