സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച ഷഹലയുടെ വീട് ജില്ല കളക്ടർ ഡോ.അദില അബ്ദുള്ള സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 11.30-ഓടുകൂടിയാണ് ജില്ലാകലക്ടർ ഷഹലയുടെ പുത്തൻകുന്നിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം കുട്ടി മരിക്കാനിടയായ സംഭവത്തിൽ ആരുടെയെങ്കിലും പക്കൽ നിന്ന് വിഴ്ചപറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു

കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം കെ.സുരേന്ദ്രൻ
പാമ്പ് കടിയേറ്റ് അഞ്ചാക്ലാസ് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.ആരോഗ്യ വകുപ്പ് അധികൃതരുടെയും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും ഗുരുതരമായയവിഴ്ചയാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് ഷഹല ഷെറിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ബി.ജെ.പി. താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റസംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ തികഞ്ഞ അനാസ്ഥയാണ് കാണിച്ചതെന്ന് ആരോപിച്ച് ബി.ജെ.പി.ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് ആശുപത്രി ഗെയ്റ്റിന് സമീപം തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. മാർച്ച് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് സജി ശങ്കർ ഉദ്ഘാടനം ചെയ്തു.